യുവതിയെയും കുട്ടിയേയും വീട്ടിൽ നിന്ന് പുറത്താക്കിയതിൽ ഇടപെട്ട് വനിതാ കമ്മീഷൻ; ഭർത്താവിനെതിരെ കേസ്
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെയും കുട്ടിയേയും ഭർത്താവിന്റെ വീടിനു പുറത്തു നിർത്തിയതിൽ ഇടപെട്ട് വനിത കമ്മീഷൻ. പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതിന് ഭർത്താവ് രാജേഷിനെതിരെ കേസെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
യുവതിയെയും കുട്ടിയേയും പുറത്താക്കി ഭർത്താവും മാതാപിതാക്കളും വീടുപൂട്ടി പോയതായാണ് പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിനെതിരെയാണ് പരാതി. രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നതെന്ന് രാജേഷിന്റെ ഭാര്യ അനുമോൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു.
ഗാർഹിക പീഡനത്തിന് അനുമോൾ രാജേഷിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിന്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു. ഈ ഓർഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
അനുവിന്റെ സ്വർണം പണയപ്പെടുത്തിയാണ് വീടുവെച്ചത്. എന്നാൽ ഇപ്പോൾ വീട്ടുകാർ അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപെടുകയെണെന്ന് അനു പറയുന്നു. മക്കൾക്ക് ഭർത്താവും ഭർതൃപിതാവും ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും അനുമോൾ ആരോപിച്ചു. ഭർത്താവിന്റെ അച്ഛൻ കൃഷ്ണൻക്കുട്ടിക്കെതിരെയും അനുമോൾ ലൈംഗികാരോപണവും ഉന്നയിക്കുന്നുണ്ട്. വീട് തുറന്നു തന്നാൽ മാത്രം പോരാ. അനുഭവിച്ച പീഡനങ്ങൾക്ക് കൃത്യമായ നടപടി ഉണ്ടാകണമെന്നും അനുമോൾ ആവശ്യപ്പെട്ടു.