‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

'There are no plans except for the announcement of support for urban development'; Modi's speech without development announcements

 

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.

പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം.

നേരത്തെ, അതിവേഗ റെയിൽ പാത മോദി പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത മോദി ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റേയും ശ്രീചിത്ര റേഡിയോ ചികിത്സാ സെന്ററിൻ്റേയും തറക്കല്ലിടലും മാത്രമാണ് നിർവ്വഹിച്ചത്.

അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *