ഗസ്സയെ ഇതുവരെ സഹായിച്ചത് ഈ രാജ്യങ്ങൾ…
ഗസ്സ: ആകെ 140 ചതുരശ്ര മൈൽ വിസ്തൃതിയുള്ള കുഞ്ഞുപ്രദേശം. 23 ലക്ഷം പേർ ഇവിടെ വസിക്കുന്നു. പതിറ്റാണ്ടുകളായി നാലുഭാഗത്തും ഇസ്രായേലിന്റെ വക ഉപരോധം, വൻ മതിൽ, നിരന്തര ആക്രമണം. ഒക്ടോബർ ഏഴുമുതൽ ഈ ഉപരോധം കനപ്പിച്ചു. ഇടതടവില്ലാത്ത വ്യോമാക്രമണവും കൂടിയായതോടെ കുടിവെള്ളം പോലും കിട്ടാക്കനിയായി. ആശുപത്രികൾ തകർത്തു. ഉള്ള ആശുപത്രികളിൽ തന്നെ വൈദ്യുതിയില്ല, മരുന്നില്ല, ശസ്ത്രക്രിയ ഉപകരണങ്ങളില്ല. യു.എൻ അഭയാർഥി വിഭാഗം ചൂണ്ടിക്കാട്ടിയതുപോലെ അക്ഷരാർഥത്തിൽ മാനവിക ദുരന്തത്തിലാണ് ഗസ്സ.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഗസ്സക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും അവ ഗസ്സയിലത്തിക്കാനുള്ള വഴി ഇസ്രായേൽ അടച്ചിട്ടിരിക്കുകയാണ്. വെള്ളവും മരുന്നും ഭക്ഷണവുമടക്കമുള്ള സഹായ വസ്തുക്കളുമായി 200ലെറെ ട്രക്കുകളാണ് ഈജിപ്തുമായുള്ള റഫ അതിർത്തിയിൽ പ്രവേശനാനുമതി കാത്ത് ദിവസങ്ങളായി കെട്ടിക്കിടക്കുന്നത്. ഇതിൽ നാമമാത്ര ട്രക്കുകളെ മാത്രം കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചു.
ഗസ്സയിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച രാജ്യങ്ങളെ അറിയാം:
- ഇന്ത്യ, തുർക്കി, യു.എ.ഇ, ഖത്തർ, ജോർദാൻ, തുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഹായവുമായി കുറഞ്ഞത് ഒമ്പത് വിമാനങ്ങൾ ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
- 16 ടൺ സഹായ വസ്തുക്കൾ റുവാണ്ട അയച്ചു.
- യൂറോപ്യൻ യൂണിയൻ സഹായം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു
- അതേസമയം, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നിവയുൾപ്പെടെ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒക്ടോബർ ഏഴിന് ശേഷം ഗസ്സക്കുള്ള സഹായം താൽക്കാലികമായി നിർത്തിവച്ചു
- ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽ 6.5 ടൺ വൈദ്യസഹായ വസ്തുക്കളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ തുടങ്ങിയവയും അയച്ചു.
ഇതുവരെ എത്ര ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു?
- ഏകദേശം 3,000 ടൺ സഹായ വസ്തുക്കളുമായി 200-ലധികം ട്രക്കുകളാണ് റഫ അതിർത്തിയിൽ കാത്തരിക്കുന്നത്.
- ഇവ അതിർത്തി കടക്കണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം.
- ഇതിൽ 20 ട്രക്കുകളുടെ ആദ്യ സംഘം ശനിയാഴ്ച ഗസ്സയിലേക്ക് കടന്നു. ഏതാനും വാഹനങ്ങളെ പിറ്റേന്നും കടത്തിവിട്ടു.
- ‘ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല, പ്രതിദിനം 100, 200 ട്രക്കുകളെങ്കിലും പോകണം’ -എന്നാണ് ഈജിപ്തിലെ യുണിസെഫ് പ്രതിനിധി ജെറമി ഹോപ്കിൻസ് വ്യക്തമാക്കുന്നത്. ‘10 ലക്ഷത്തിലധികം ആളുകളാണ് കിടപ്പാടം വിട്ട് പലായനം ചെയ്തത്. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഇവർക്കെല്ലാം ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും അടിയന്തിര വൈദ്യസഹായം ആവശ്യമാണ്’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിലേക്ക് എന്ത് സഹായമാണ് അയച്ചത്?
- ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മരുന്നുകളും വേദനസംഹാരികളും അടങ്ങിയ അവശ്യ ആരോഗ്യസഹായമാണ് ആദ്യ ഘട്ടത്തിൽ കൊണ്ടുപോയത്.
- ട്യൂണ, തക്കാളി പേസ്റ്റ്, ഗോതമ്പ് പൊടി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും ട്രക്കുകളിൽ ഉണ്ടായിരുന്നു.
- ആദ്യ വാഹനവ്യൂഹത്തിൽ 27,000 പേർക്ക് ഒരു ദിവസത്തേക്കുള്ള കുടിവെള്ളവും രണ്ടാമത്തേതിൽ 22,000 പേർക്ക് ഒരു ദിവസത്തേക്കുള്ള കുടിവെള്ളവും ഉണ്ടായിരുന്നു.
ഗസ്സയ്ക്ക് എന്ത് സഹായമാണ് ആവശ്യം?
- ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഗസ്സയിൽ ദിവസവും ലഭിച്ചിരുന്ന വസ്തുക്കളുടെ ശരാശരി 4 ശതമാനം മാത്രമാണ് ഇപ്പോൾ എത്തുന്നതെന്ന് യുഎൻ അറിയിച്ചു.
- ഭക്ഷണം, വെള്ളം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ സ്റ്റോക്ക് തീർന്നു. അവ അടിയന്തരമായി ലഭ്യമാക്കണം.
- ഗസ്സക്ക് അനിവാര്യമായ ഇന്ധനം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ധന അളവ് അപകടകരമാംവിധം കുറവാണെന്നും തങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഗസ്സയിലെ ഒരേയൊരു കാൻസർ ആശുപത്രിയിലെ ഡോക്ടർമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഗസ്സ- ഈജിപ്ത് അതിർത്തി തുറന്നിട്ടുണ്ടോ?
- ഈജിപ്തിനും ഗസ്സയ്‌ക്കുമിടയിലുള്ള റഫ അതിർത്തി കഴിഞ്ഞ ദിവസം അൽപസമയത്തേക്ക് മാത്രം തുറന്നിരുന്നു.
- ഇതുവഴിയാണ് ചെറിയ തോതിലുള്ള സഹായങ്ങൾ ഗസ്സയിലേക്ക് അയച്ചത്.
- റഫ വഴി ഗസ്സയിലേക്ക് സാധനങ്ങൾ അയക്കാൻ ഇസ്രായേലിന്റെ അനുമതി ആവശ്യമാണ്.
- അതിർത്തിക്ക് പുറത്ത് സഹായഹസ്തവുമായി വിവിധ ലോകരാജ്യങ്ങളുടെ ട്രക്കുകൾ കാത്തിരിക്കുന്നു. അതിർത്തി തുറന്നാൽ മാത്രമേ അവർക്ക് ഗസ്സയിൽ പ്രവേശിക്കാനാകൂ.
- അതിർത്തി അടച്ചിടാൻ പാടില്ലെന്നും നിരന്തരം സഹായം പ്രവഹിച്ചാലേ ജീവനുകൾ രക്ഷിക്കാനവൂ എന്നുമാണ് യുണിസെഫ് പ്രതിനിധി ജെറമി ഹോപ്കിൻസ് പറയുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: അൽ ജസീറ, വാർത്താ ഏജൻസികൾ