മക്കളെ തോളിലേറ്റിയാണ് അവര്‍ തിരിച്ചയച്ചത്, എനിക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കി: ഹമാസ് മോചിപ്പിച്ച ഇസ്രായേല്‍ യുവതി
തെൽഅവീവ്: ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് പോരാളികൾ തലയറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള വാർത്തകൾ തള്ളി മോചിതയായ ഇസ്രായേൽ യുവതി. സംഘർഷം രൂക്ഷമായ ഘട്ടത്തിലടക്കം പിടികൂടിയവർ തങ്ങളോട് നല്ല രീതിയിലാണു പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച അവിത്താൽ അലാജിം ഇസ്രായേൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗസ്സയോട് ചേർന്നുള്ള കിബ്ബുറ്റ്‌സ് ഹോലിറ്റിലെ വീട്ടിൽനിന്നാണ് അലാജിമിനെയും മക്കളെയും ഹമാസ് പോരാളികൾ പിടിച്ചുകൊണ്ടുപോകുന്നത്. ഇവരെ ഗസ്സ മുനമ്പ് വരെ എത്തിച്ചാണ് ഹമാസ് സായുധവിഭാഗം മോചിപ്പിച്ചത്. ഒപ്പം ഇവരുടെ രണ്ടു മക്കളുമുണ്ടായിരുന്നു. കുട്ടികളെ തോളിലേറ്റിയാണ് അതിർത്തി വരെ ഹമാസ് പോരാളികൾ എത്തിച്ചതെന്ന് അലാജിം ഇസ്രായേൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തങ്ങൾക്കു വസ്ത്രമടക്കം നൽകുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്തതായും അവർ പറഞ്ഞു.
ബുധനാഴ്ചയാണ് ഖസ്സാം ബ്രിഗേഡ് ഇസ്രായേൽ യുവതിയെയും രണ്ട് കുട്ടികളെയും മോചിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഹമാസ് ടെലിവിഷനായ അൽഅഖ്‌സ ടി.വി പുറത്തുവിട്ടിരുന്നു. മൂന്ന് ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ ഇവരെ അതിർത്തിവരെ അനുഗമിക്കുകയും സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു.
ബന്ദിയാക്കിയ ഇസ്രായേൽ യുവതികളെ ഹമാസ് പോരാളികൾ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ല. ഇതിനു പിന്നാലെയാണ് മോചിതരായ യുവതി ഇസ്രായേൽ മാധ്യമങ്ങൾക്കു മുന്നിൽ തന്നെ സ്വന്തം അനുഭവം തുറന്നുപറഞ്ഞത്.