തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

Thiruvananthapuram Medical College patient stuck in lift; Found two days later

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക്. തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

 

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് വിഷയത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. വിഷയം അന്വേഷിക്കാമെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.

 

ലിഫ്റ്റിലെ കയറിയ ഉടൻ മുകളിലേക്ക് പോയ ശേഷം സ്റ്റക്ക് ആയി എന്നാണ് രവീന്ദ്രൻ പറയുന്നത്. ലിഫ്റ്റിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ആരും എടുത്തില്ലെന്നും അലാറം കൂടെക്കൂടെ അടിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 

ശനിയാഴ്ച ഓർത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായാണ് രവീന്ദ്രൻ മെഡിക്കൽ കോളജിലെത്തിയത്. ആ സമയത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റിൽ കയറി. കയറിയ ഉടൻ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റിൽ കണ്ടെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് വിവരം.

 

രവീന്ദ്രനെ കാണാഞ്ഞ് കുടുംബം മെഡിക്കൽ കോളജ് പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *