ഇക്കുറി റഫറി ചതിച്ചു; ഹൈദരാബാദിനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

 

This time the referee cheated; Blasters also lost to Hyderabadകൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഗിലെ 11ാം സ്ഥാനക്കാരായ ഹൈദരാബാദ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ആൻഡ്രെ ആല്‍ബ നേടിയ ഇരട്ടഗോളുകളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ജീസസ് ജിമിനെസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്.

മത്സരത്തിന്‍റെ 13 ാം മിനിറ്റില്‍ ജീസസിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ആല്‍ബ ഗോള്‍മടക്കി. 70 ാം മിനിറ്റിലായിരുന്നു ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഗോള്‍ പിറന്നത്. ഹെദരാബാദ് മുന്നേറ്റത്തിനിടെ പെനാല്‍ട്ടി ബോക്സില്‍ വച്ച് ഹോര്‍മിപാമിന്‍റെ ശരീരത്തില്‍ പന്ത് തട്ടുന്നു. ഉടന്‍ റഫറി പെനാല്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.

എന്നാൽ പന്ത് കയ്യിൽ കൊണ്ടില്ലെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ വാദം. വീഡിയോ ദൃശ്യങ്ങളിലും പന്ത് കയ്യിൽ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഹൈദരാബാദ് വലകുലുക്കി.

അവസാന മിനിറ്റുകളില്‍ ഗോള്‍മടക്കാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹൈദരാബാദ് വലകുലുങ്ങിയില്ല. സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോൽവിയാണിത്. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമടക്കം എട്ട് പോയിന്‍റാണ് മഞ്ഞപ്പടക്കുള്ളത്. പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *