ഈ ജയം വയനാടിന്; മുംബൈയെ ഗോൾമഴയിൽ മുക്കി ബ്ലാസ്റ്റേഴ്‌സ്

Blasters

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിൽ മുംബൈ സിറ്റിയെ ഗോൾമഴയിൽ മുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ക്വാമി പെപ്രയും നോഹ് സദോയിയും ഹാട്രിക്കുമായും പകരക്കാരനായിറങ്ങിയ ഇഷാൻ പണ്ഡിത ഇരട്ട ഗോളുമായും നിറഞ്ഞാടിയ പോരാട്ടത്തിൽ എതിരില്ലാത്ത എട്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം അറിയിച്ച് കറുത്ത ബാഡ്ജ് ജഴ്‌സിയിൽ അണിഞ്ഞാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്. ഗോളടിച്ച ശേഷം ഈ ബാഡ്ജ് ഗാലറിയെ കാണിച്ചായിരുന്നു ടീമിന്റെ ആഘോഷം. ഡ്യൂറന്‍റ് കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് കൊല്‍ക്കത്തയില്‍ പിറന്നത്. മുംബൈക്കായി റിസര്‍വ് ടീമാണ് കളത്തിലിറങ്ങിയത്.Blasters

ഈ സീസണിൽ മഞ്ഞപ്പടയുടെ സൂപ്പർ സൈനിങ്ങാണ് താനെന്ന് ആരാധകരോട് വിളിച്ച് പറയുന്നതായിരുന്നു നോഹ് സദോയിയുടെ അരങ്ങേറ്റ ഹാട്രിക്ക് . ഒപ്പം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ് പുറത്തായ പെപ്രയുടെ ഗംഭീര തിരിച്ചു വരവിനും കൊൽക്കത്ത സാക്ഷിയായി. കഴിഞ്ഞ സീസണില്‍ വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഇഷാന്‍ പണ്ഡിതക്കും തന്നിലൊളിഞ്ഞിരിക്കുന്ന പ്രതിഭയെ ആരാധകരെ കാണിക്കാനുള്ള മികച്ച അവസരമായി ഈ പോരാട്ടം.

കളിയുടെ തുടക്കം മുതൽ മഞ്ഞപ്പടയുടെ സമഗ്രാധിപത്യമായിരുന്നു മൈതാനത്ത്. നിരന്തരം മുന്നേറ്റങ്ങളുമായി മുംബൈ ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 32ാം മിനിറ്റിൽ സദോയിയിലൂടെയാണ് മുന്നിലെത്തിയത്. ഐബൻ ഡോഹ്ലിങ്ങിന്റെ ക്രോസിൽ മനോഹരമായോരു വോളിയിലൂടെ നോഹ് മുംബൈ വലകുലുക്കി. ആദ്യ ഗോളടിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ നോഹിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 39ാം മിനിറ്റിൽ പെപ്രയുടെ ആദ്യ പ്രഹരം. ഇക്കുറി ലൂണയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ പെപ്രയുടെ രണ്ടാം ഗോളുമെത്തി. നോഹ് ബോക്‌സിലേക്ക് നൽകിയ ക്രോസ് ലൂണ ഹെഡ്ഡ് ചെയ്ത് ഗോളിലേക്ക് തിരിച്ചു. മുംബൈ ഗോളി തടഞ്ഞിട്ട പന്ത് റീബൗണ്ട് ചെയ്ത് പെപ്രയുടെ കാലിലേക്ക്. ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് പെപ്രയുടെ രണ്ടാം പ്രഹരം. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളിന് മുന്നിൽ.

രണ്ടാം പകുതിയാരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിട്ടതും നോഹിന്റെ രണ്ടാം ഗോളെത്തി. ഐമൻ ബോക്‌സിലേക്ക് നൽകിയ ക്രോസിനെ മനോഹരമായൊരു ഹെഡ്ഡറിലൂടെ മൊറോക്കന്‍ സൂപ്പര്‍ താരം വലയിലാക്കി. 53ാം മിനിറ്റിൽ പെപ്ര ഹാട്രിക്ക് തികച്ചു. ഡാനിഷിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്‍റെ മൂന്നാം ഗോൾ പിറന്നത്. 64ാം മിനിറ്റിൽ പെപ്രയെ പിൻവലിച്ച കോച്ച് ഇഷാൻ പണ്ഡിതയെ കളത്തിലിറക്കി. 76ാം മിനിറ്റിൽ നോഹിന്‍റെ ഹാട്രിക്കെത്തി. ആരും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന നോഹിന് സുകം നോയിഹെൻബ നീട്ടി നൽകിയ പന്ത് താരം തകർപ്പനൊരു മുന്നേറ്റത്തില്‍ വലയിലാക്കി. രണ്ട് മിനിറ്റിനിടെ രണ്ട് തവണ വലകുലുക്കിയാണ് ഇഷാൻ പണ്ഡിത മുംബൈയുടെ പെട്ടിയിലെ അവസാന ആണികളടിച്ചത്. 86ാം മിനിറ്റിലും 87ാം മിനിറ്റിലുമായിരുന്നു പണ്ഡിതയുടെ ഗോളുകൾ എത്തിയത്.

കളിയിലുടനീളം ഓൺ ടാർജറ്റിൽ 13 ഷോട്ടുകൾ ഉതിർത്ത ബ്ലാസ്‌റ്റേഴ്‌സ് അതിൽ എട്ടും വലയിലാക്കി. 12 കോർണർ കിക്കുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിൽ ആകെ ലഭിച്ചത്. എല്ലാ ടൂര്‍ണമെന്‍റുകളിലുമായി ബ്ലാസ്റ്റേഴ്സ് കുറിക്കുന്ന ഏറ്റവും വലിയ വിജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *