ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാർ നിലവിൽ വന്നു; 1,75,025 തീർഥാടകർക്ക് അവസരം

മക്ക: ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാർ നിലവിൽ വന്നു. ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബിഅയും കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം ഇന്ത്യയിൽനിന്ന് 1,75,025 തീർഥാടകർക്ക് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ സാധിക്കും.

 

ജിദ്ദയിലെത്തിയ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽറബീഅയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയ്യിദ് എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ജിദ്ദയിലെ സൗദി ഹജ്ജ്-ഉംറ ഓഫിസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ ഹജ്ജ് കരാർ പരസ്പരം കൈമാറി. ഹജ്ജുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച ഡിജിറ്റൽ സേവനങ്ങൾക്ക് സൗദി പ്രതിനിധികൾ അഭിനന്ദനമറിയിച്ചു. മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, തീർഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവ മന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *