എസ്.ഐ.ആർ കരടിൽ പേരില്ലാത്തവർക്ക് ഇപ്പോൾ പേര് ചേർക്കാം; പ്രവാസികൾക്കും പേര് നൽകാം. വിശദമായി അറിയാം…
തിരുവനന്തപുരം: എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവർക്കും, നേരത്തെ പേരില്ലാത്തവർക്കും കൂട്ടിചേർക്കാനുള്ള അവസരമാണ് ഇനി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടിക പരിശോധിക്കുന്നതിനൊപ്പം പട്ടികയിൽ പേരില്ലാത്തവർ പേര് ചേർക്കാനുള്ള നടപടികളും ആരംഭിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ (https://voters.eci.gov.in/) നിന്നും വിവിധ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പേര് ചേർക്കാം. അതാത് സ്ഥലങ്ങളിലെ ബി.എൽ.ഒ മാരിൽ നിന്നും ഫോമുകൾ വാങ്ങാവുന്നതാണ്. ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളിൽ അതാത് ബൂത്ത് ചുമതലയുള്ള ബി.എൽ.ഒ മാർ വഴിയാകും അംഗീകാരം നൽകുന്നത്.
ഏതെല്ലാം ഫോമുകൾ, എങ്ങനെ നൽകാം
6 ഫോം (ഫോം സിക്സ്): കരട് എസ്.ഐ.ആർ പട്ടികയിൽ പേരില്ലാത്തവർക്കും, 2026 ജനുവരി ഒന്നിന് 18 പൂർത്തിയാകുന്ന എല്ലാവർക്കും പുതിയ വോട്ടർമാരായി പേര് ചേർക്കാവുന്നതാണ്. ഫോട്ടോ, ആധാർ വിശദാംശങ്ങൾ, ജനന തീയതി തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമാണ് ഫോം പൂരിപ്പിച്ച് നൽകേണ്ടത്. കരട് പട്ടികയിൽ ഉള്ള ബന്ധുക്കളുടെയോ, സ്വന്തമോ വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം. ഫോമിലെ പ്രസ്താവനയും (ഡിക്ലറേഷൻ) പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം.
ഫോം 6 A : വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാനുള്ള ഫോം ആണ് ഇത്. പാസ്പോർട്ട് നമ്പർ, വിസ വിശദാംശങ്ങൾ എന്നിവ ഈ ഫോമിൽ നൽകണം.
പ്രവാസി വോട്ടറായി പട്ടികയിൽ ഉൾപ്പെടുത്തികഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലുണ്ടെങ്കിൽ അതാത് ഇടങ്ങളിൽ വോട്ട് ചെയ്യാം.
ഫോം 7: വോട്ടർപട്ടികയിലുള്ള പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് ഫോം 7. മരണം, താമസം മാറൽ, ഇരട്ടിപ്പ് എന്നിവ മൂലം പേര് നീക്കം ചെയ്യാൻ അപേക്ഷിക്കാം. വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കണം. ഇതിൽ നടപടി സ്വീകരിക്കും മുമ്പ് അധികൃതർ, വ്യക്തിയുമായി ബന്ധപ്പെട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കും.
ഫോം 8: വിലാസം മാറ്റാൻ, വീട്ടു നമ്പർ തിരുത്തൽ ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഫോം എട്ട് പൂരിപ്പിച്ച് നൽകാവുന്നതാണ്.
