പുലി ഭീതിയിൽ തോട്ടുമുക്കം പ്രദേശവാസികൾ
കോഴിക്കോട് : പുലി ഭീതിയിൽ തോട്ടുമുക്കത്തെ പ്രദേശവാസികൾ. കൊടിയത്തൂർ പഞ്ചായത്ത് നിവാസിയായ മാത്യുവിന്റെ വീട്ടിലെ നായയെ പുലി കൊന്നതായി സംശയം ഉയർന്നതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത് . വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാത്രി ഏകദേശം 11.30 ഓടെയാണ് കൊടിയത്തൂർ സ്വദേശി മാത്യുവിൻ്റെ വീട്ടിലെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള നായയെ ചത്ത നിലയിൽ കണ്ടത്. നായയെ ബന്ധിച്ച ചങ്ങലയിൽ തല മാത്രമാണ് അവശേഷിച്ചത്. നായയുടെ കുര കേട്ട് നോക്കിയ വീട്ടുകാർ പുലിയെന്ന് സംശയിക്കുന്ന ജീവി നായയെ ആക്രമിക്കുന്നത് കാണുകയും ചെയ്‌തു. ഇതോടെ നാട്ടുകാരും ഭീതിയിലായി.
നായയെ കൊന്നത് പുലി തന്നെയെന്ന് ഉറപ്പിച്ചു പറയുകയാണ് നാട്ടുകാർ. പീടികപ്പാറ ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഓഫീസർ പി സുബീറിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് പതിഞ്ഞ മൃഗത്തിൻ്റെ കാൽപ്പാടുകൾ പുലിയുടെതാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. മേഖലയിൽ സി സി ടി വി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.