ഖത്തറിൽ നടക്കുന്ന സൗഹൃദ ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ദോഹ: ഈ വർഷം അവസാനിക്കാനിരിക്കെ ഖത്തറിൽ നടക്കാനിരിക്കുന്നത് വിവിധ ഫുട്ബാൾ മാമാങ്കങ്ങളുടെ ദിനങ്ങൾ. നവംബർ, ഡിസംബർ മാസങ്ങളിലായി ഇടവേളകളില്ലാതെ ഫുട്ബാൾ ആരവങ്ങൾക്ക് ഖത്തർ സാക്ഷിയാകും. ഫിഫ അണ്ടർ 17, ഇന്റർകോണ്ടിനെന്റൽ എന്നിവക്ക് മുന്നോടിയായി അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കും ഖത്തർ വേദിയാകും. നവംബർ 13, 17 തീയതികളിലായി നടക്കുന്ന മത്സരങ്ങളിൽ ആതിഥേയരായ ഖത്തറിന് പുറമെ സൗദി അറേബ്യ, ആസ്ത്രേലിയ, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും.
ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. നവംബർ 13ന് സൗദി അറേബ്യ -ദക്ഷിണ കൊറിയയെയും (വൈകീട്ട് 5.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയം), ഖത്തർ – ആസ്ത്രേലിയയെയും (വൈകീട്ട് 5.45ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം) നേരിടും.
നവംബർ 17ന് ഖത്തർ -ദക്ഷിണ കൊറിയ (വൈകീട്ട് അഞ്ചിന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം), സൗദി അറേബ്യ -ഉസ്ബെക്കിസ്ഥാൻ (വൈകീട്ട് 6.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയം) സൗഹൃദ മത്സരങ്ങളും നടക്കും.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 30, 15, 10 ഖത്തരി റിയാൽ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. www.roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലാണ് ലഭ്യമാകുക. ‘റോഡ് ടു ഖത്തർ’ ടിക്കറ്റിങ് ആപ്പ് വഴി ഇവ ഡൗൺലോഡ് ചെയ്യാം. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാവുന്നതാണ്. ഭിന്നശേഷി ആരാധകർക്ക് accessibility.tickets@sc.qa എന്ന ഇ മെയിൽ വിലാസത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
