ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ
മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവരമറിഞ്ഞ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്കു തിരിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എലത്തൂരിൽ ട്രെയിനിനു തീവച്ച സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലാകുന്നത്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായ വിവരം പുറത്തുവന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. അതേസമയം, കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു തീർച്ചപ്പെടുത്താനാകൂ.
ട്രെയിൻ യാത്രയ്‌ക്കിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് മഹാരാഷ്ട്രയിൽനിന്ന് കേരള പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ ഒരു ആശുപത്രിയിൽനിന്നാണ് പിടിയിലായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിനു ചികിത്സ തേടിയാണ് ആശുപത്രിയിലെത്തിയതെന്നാണു വിവരം. നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലുള്ള സെയ്ഫിയെ താമസിയാതെ കേരളത്തിലെത്തിക്കും.