ഹെൽമറ്റില്ലാതെ ട്രിപ്പിളടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ ലൈസൻസില്ലാതെ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച വിദ്യാർഥിനിക്കെതിരെയാണ് കേസെടുത്തത്. മണാശ്ശേരിയില്‍ മൂന്നു വിദ്യാർഥിനികള്‍ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് നടപടി. ലൈസന്‍സില്ലാതെ ഡ്രൈവിങ് , അപകടകരമായ ഡ്രൈവിങ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുക്കം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടകരമായ രീതിയിൽ വിദ്യാർത്ഥികള്‍ വാഹനമോടിച്ചത്. ലൈസൻസ് ഇല്ലാത്ത വിദ്യാർഥിക്ക് വാഹനം നൽകിയവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

ഹെൽമറ്റില്ലാതെ ട്രിപ്പിളായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥിനികൾ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വളരെ വേഗതയിലായിരുന്നു വിദ്യാർഥിനികൾ വാഹനമോടിച്ചിരുന്നത്. ബസ് ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. റോഡ് മുറിച്ചു കടക്കേണ്ട സമയത്ത് പാലിക്കേണ്ട നിയമങ്ങൾ വിദ്യാർഥിനികൾ പാലിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *