ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

Two people died after dialysis; infection confirmed

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട്‌ നൽകിയത്. ആരോഗ്യ ഡയറക്ടർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികൾക്ക് ഡയാലിസിസിനുള്ള പകരം സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

ഡിസംബർ 29ന് 26 പേരെത്തി ഡയാലിസിസ് ചെയ്തിരുന്നു. ഇതിൽ ആറ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ മൂന്ന് പേരെ വിദഗ്ദ ചികിത്സക്ക് വിധേയനാക്കി. രാമചന്ദ്രൻ, മജീദ് എന്നിവർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അണുബാധയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഡിഎംഒയുടെ റിപ്പോർട്ട്.

അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിദഗ്ദ സംഘത്തിന്റെ പരിശോധന. ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലും ആർ ഓ വാട്ടർ പ്ലാന്റിലും പരിശോധന നടത്തി. വെള്ളത്തിൽ നിന്ന് അണുബാധയേറ്റതായുള്ള സംശയമാണ് വിദഗ്ദ സംഘത്തിനുള്ളത്. ഇതോടെ ആർ ഓ വാട്ടർ പ്ലാന്റിലെ വെള്ളം രാസപരിശോധനക്ക് അയച്ചു. കൾച്ചറൽ ടെസ്റ്റ്‌, എൻഡോടോക്സിന് എന്നീ പരിശോധനകളിലൂടെ ബാക്ടീരയിയുടെ സാന്നിധ്യം കണ്ടെത്താനാവും. ഡയാലിസിസിന് മുമ്പ് രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ സാമ്പിളും പരിശോധനായ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *