വോട്ട് ചെയ്തു മടങ്ങുന്നതിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു
തലശ്ശേരി/വാണിയമ്പാറ: സംസ്ഥാന മൂന്നിടങ്ങളിലായി വോട്ടുചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരിയിൽ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങാനിരിക്കെ ഗൃഹനാഥൻ പാറാൽ ചെമ്പ്ര കേന്ദ്രീയ വിദ്യാലയത്തിന് സമീപം അഫീലയിൽ പുതിയപുരയിൽ ചാത്താടിയിൽ മുഹമ്മദ് റിയാസാണ് (56) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സംഭവം.
ഭാര്യക്കും അയൽവീട്ടുകാർക്കുമൊപ്പം കാറിൽ പാറാൽ എൽ.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു. വോട്ട് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങാൻ കാറിൽ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ലോഗൻസ് റോഡിലെ സീനാസ് ടെക്സ്റ്റൈൽസ് ഉടമയാണ്. പരേതനായ അഹമ്മദിന്റെയും പരേതയായ പുതിയ പുരയിൽ ചാത്താടിയിൽ സുഹറയുടെയും മകനാണ്. ഭാര്യ: അഫീല (മറീന, കവിയൂർ). മക്കൾ: വസീം റിയാസ്, സൗബാൻ റിയാസ് (ഇരുവരും സൗദി), ആമിന റിയാസ് (ദുബൈ). മരുമക്കൾ: നസീല, റിദ, അഫ്സൽ (ദുബൈ). സഹോദരങ്ങൾ: ഫരീദ, ഫൗസിയ, സാഹിർ (മാസ ഗ്രൂപ്), സാജിദ്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅക്കുശേഷം തലശ്ശേരി സ്‌റ്റേഡിയം പള്ളി ഖബർസ്ഥാനിൽ.
വാണിയമ്പാറ: വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദൻ (ഉണ്ണിചെക്കൻ – 62) ആണ് വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ പോളിങ് ബൂത്തിന് പുറത്ത് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടൻ വിനോദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫിസറുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വീൽചെയറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി വീണു. ഉടൻ ആംബുലൻസിൽ തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മല്ലികയാണ് ഭാര്യ.
വോട്ട് ചെയ്ത് മടങ്ങവേ വാഹനാപകടം; ഗൃഹനാഥൻ മരിച്ചു
തൃശൂർ: വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ അംബികയെ ഗുരുതരാവസ്ഥയിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറ്റുംകര-ഇരിങ്ങാലക്കുട റൂട്ടിൽ മുസ്‍ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. മക്കൾ: അശ്വിൻ, ഐശ്വര്യ.
