ഹരിപ്പാട് രണ്ടു വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങിയ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി.

താരയെ പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ആശുപത്രിയിൽ വെച്ച് മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകി. താര ആശുപത്രിയിലായതിനാൽ ഇവരുടെ മറ്റു കുട്ടികളും രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചുകിടക്കുകയാണെന്ന് രാജേഷ് മറ്റു കുട്ടികളോട് പറയുകയായിരുന്നു. തുടർന്ന് കുട്ടിക്കളുടെ മടിയിലിരുത്തി ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചത്.

നേരത്തെയും ഇവരുടെ ഒരു ആൺകുട്ടി കൈയിൽനിന്ന് താഴെ വീണു മരിച്ചതായി ഇവർ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു. കുടുംബത്തിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആകെ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു ആൺകുട്ടി മുമ്പ് സമാനരീതിയിൽ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളോ ആചാരങ്ങളോ ഉണ്ടോയെന്ന സംശയം പ്രദേശവാസികളും ജനപ്രതിനിധികളും ഉയർത്തുന്നുണ്ട്.

സംഭവത്തിൽ സുതാര്യവും വിശദവുമായ അന്വേഷണം വേണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. ഇതുവരെ ഏഴ് പ്രസവങ്ങളിലായി എട്ട് കുട്ടികൾക്കാണ് താര ജന്മം നൽകിയിട്ടുള്ളത്. കുട്ടികളെ സ്‌കൂളിൽ വിടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. മുമ്പ് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ജനപ്രതിനിധികളും ശിശുക്ഷേമ വകുപ്പ് അധികൃതരും ശ്രമിച്ചപ്പോഴൊക്കെ ഇവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മരിച്ച കുഞ്ഞിന്റെ ഭൗതികശരീരം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.