മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ്; ഒന്നിലൊതുങ്ങി എൽഡിഎഫ്

മലപ്പറം: ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ്. ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉം യുഡിഎഫ് സ്വന്തമാക്കിയപ്പോൾ ഒരൊറ്റ ബ്ലോക്ക് മാത്രം എൽഡിഎഫിനൊപ്പം നിന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, കുറ്റിപ്പുറം, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, പെരുമ്പടപ്പ്, താനൂർ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ എന്നീ 14 ബ്ലോക്കുകളിലും യുഡിഎഫാണ് വിജയക്കൊടി പാറിച്ചത്.
അതേസമയം മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് യുഡിഎഫിന്റെ ഭരണം വരാന്‍ പോകുന്നത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരി. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചിരുന്നത്. 2025ൽ അതും യുഡിഎഫ് പിടിച്ചെടുത്തു.
മംഗംലം, വഴിക്കടവ് ഡിവിഷനുകളിലായിരുന്നു കഴിഞ്ഞ വർഷം എൽഡിഎഫ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ വഴിക്കടവ് ഡിവിഷൻ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടിയ ഷെറോണയിലൂടെ ചുങ്കത്തറയിലും അട്ടിമറി നടത്താനാവുമെന്നാണ് എൽഡിഎഫ് കരുതിയത്. എന്നാല്‍ ചുങ്കത്തറ കിട്ടിയതുമില്ല. വഴിക്കടവ് പോകുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമാണ് മലപ്പുറത്ത്. 90 പഞ്ചായത്തുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന്റെ നേട്ടം വെറും മൂന്നിലൊതുങ്ങി. മുൻസിപ്പാലിറ്റികളിലും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. ആകെയുള്ള 12 മുനിസിപ്പാലിറ്റികളിൽ പതിനൊന്നും യിഡിഎഫ് സ്വന്തമാക്കിയപ്പോൾ എൽഡിഎഫിന്റെ നേട്ടം ഒന്നിലൊതുങ്ങി. പൊന്നാനി മുനിസിപ്പാലിറ്റിയാണ് എൽഡിഎഫ് വിജയക്കൊടി പാറിയത്.
