മദ്യനയത്തിന് കരടായി, ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും, നടപ്പാക്കൽ നവംബറിലേക്ക്…

വി.ഡി. സതീശൻ, എം. ലിജു
തിരുവനന്തപുരം: യു.ഡി.എഫ് സര്ക്കാറിന്റെ കരട് മദ്യനയത്തിന് എക്സൈസ് വകുപ്പ് രൂപംനൽകി. ഉടൻ തന്നെ ഇത് മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിക്കും. അതിനുശേഷം യു.ഡി.എഫിൽ ചർച്ച ചെയ്താകും അന്തിമ അംഗീകാരം നൽകുക.
ഈ മാസം പുതിയ നയം പ്രാബല്യത്തിൽ വരുത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നിയമസഭ സമ്മേളനം ഉൾപ്പെടെ നടക്കുന്നതിനാൽ നവംബർ പകുതിയോടെയേ നിലവിൽ വരൂ എന്നാണ് എക്സൈ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.
നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങളിലൊന്നും നിർദേശങ്ങൾ മുന്നോട്ടുവെക്കാതെയാണ് മദ്യനയത്തിന്റെ കരടിന് രൂപം നൽകിയത്. എന്നാൽ, എൽ.ഡി.എഫ് സര്ക്കാര് കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റമുണ്ടാകും.
വീര്യം കുറഞ്ഞ മദ്യം, ബാറുകളുടെ സമയക്രമം, ഹോർട്ടിവൈൻ, തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കൽ തുടങ്ങിയ നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങളിലൊന്നും എക്സൈസ് വകുപ്പ് ഒരു ശിപാർശയും കരട് നയത്തിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ, ഈ വിഷയങ്ങളിൽ പൊതുജനങ്ങളിൽനിന്നും സാമൂഹിക, സാമുദായിക സംഘടനകളിൽനിന്നും ലഭിച്ച നിർദേശങ്ങളുൾപ്പെടെ പരിഗണനക്കായി സർക്കാറിനും മുന്നണിക്കും സമർപ്പിക്കും.
ബാർ ജീവനക്കാരെ ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തുക,ബാറുകളുടെ ക്ലാസിഫിക്കേഷൻ, ഫീസ്, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്ന ശിപാർശകൾ കരടിലുണ്ട്. ക്ഷേമനിധിയിൽ ഉൾപ്പെടുത്തിയില്ലെന്ന പ്രധാന പരാതി ബാർ ജീവനക്കാരുടെ സംഘടനകൾ മന്ത്രി എം. ലിജുവുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നത് പുതിയ മദ്യനയത്തിലുണ്ടാകും. പല ബാറുകളിലും ജീവനക്കാരുടെ എണ്ണത്തിൽ കൃത്രിമമുണ്ടെന്ന പരാതിയും തൊഴിലാളികൾ ഉന്നയിച്ചിരുന്നു. അതിനാൽ, അക്കാര്യങ്ങളിൽ വ്യക്തത വരുത്തും.
ബാറുകളുടെ നിലവിലെ സമയം കുറക്കുക, വീര്യം കുറഞ്ഞമദ്യം വിൽക്കാൻ അനുവദിക്കരുത്, കൂടുതൽ ബാറുകളും മദ്യവിൽപനശാലകളും അനുവദിക്കരുത് തുടങ്ങി മന്ത്രിയുമായി നടത്തിയ ചർച്ചകളിൽ ഉയർന്ന നിർദേശങ്ങളിൽ നയപരമായ തീരുമാനം വേണ്ടതിനാലാണ് അത് സർക്കാറിന്റെയും യു.ഡി.എഫിന്റേയും പരിഗണനക്ക് വിട്ടത്. മുഖ്യമന്ത്രിക്ക് കൈമാറുന്ന മദ്യനയത്തിന്റെ കരട് യു.ഡി.എഫ് യോഗം ചേർന്ന് ചർച്ച ചെയ്യും.
നയപരമായ വിഷയങ്ങളിൽ തീരുമാനവുമുണ്ടാകും. തുടർന്ന് മദ്യനയത്തിന് രൂപം നൽകി നവംബർ പകുതിയോടെ ഹൈകോടതിയെ ഉൾപ്പെടെ അറിയിക്കാനാമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഓൺലൈനിലിലൂടെ പൊതുജനങ്ങളിൽനിന്നും വിവിധ സംഘടനകൾ, പ്രമുഖർ എന്നിവരുമായും മന്ത്രി എം. ലിജു നേരിട്ട് ചർച്ച നടത്തിയാണ് മദ്യനയം രൂപപ്പെടുത്തിയത്.
