അ​ണ്ട​ർ 19 ലോ​ക​കപ്പ്; ഇ​ന്ത്യ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ

ബുലവായോ (സിംബാബ്‍വെ): ക്രിക്കറ്റിലെ ശിശുക്കളായ യു.എസിനെ കന്നിയങ്കത്തിൽ തൂക്കിവിട്ട ആവേശവുമായി ഇന്ത്യ ഇന്ന് വീണ്ടും കളത്തിൽ. അഞ്ചു തവണ കിരീടം മാറോടുചേർത്ത ടീമിന് അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ഉദ്ഘാടന ദിവസം മഴ വില്ലനായ കളിയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായ പോരാട്ടം കാഴ്ചവെക്കാനാകാതെ പതറിയ യു.എസിനെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യ തകർത്തുവിട്ടത്.

അത്ര ദുർബലമല്ല ബംഗ്ലാദേശ് നിരയെങ്കിലും ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യയുടെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ ശക്തമാണ്. 14കാരൻ വൈഭവ് സൂര്യവംശി ആദ്യ കളിയിൽ നേരത്തെ മടങ്ങിയെങ്കിലും വരും മത്സരങ്ങളിൽ തിളങ്ങുമെന്നാണ് പ്രതീക്ഷ. ഉപനായകൻ വിഹാൻ മൽഹോത്ര, ഓൾറൗണ്ടർമാരായ മലയാളി താരം ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടു എന്നിവരെല്ലാം ബാറ്റുപിടിച്ച് കരുത്തുകാട്ടാൻ പോന്നവർ.

കഴിഞ്ഞ ദിവസം അഞ്ചു വിക്കറ്റുമായി കളി തന്റേതാക്കിയ ഹെനിൽ പട്ടേലിനൊപ്പം ഡി. ദീപേഷ്, ആർ.എസ്. അംബരീഷ്, കിഷൻ കുമാർ, ഉദ്ധവ് മോഹൻ എന്നിവർ പേസിലും മലയാളി താരം മുഹമ്മദ് ഇനാൻ, കനിഷ്‍ക് ചൗഹാൻ, ഖിലൻ പട്ടേൽ എന്നിവർ സ്പിന്നിലും മികവ് കാട്ടുന്നവരാണ്. കഴിഞ്ഞ വർഷം ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം പരമ്പര ജയിച്ചെത്തിയ ഇന്ത്യയുടെ കുട്ടിപ്പട തന്നെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച സംഘം. അവസാനം കളിച്ച 17ൽ 14ാമത്തെ ജയമായിരുന്നു കഴിഞ്ഞ ദിവസം യു.എസിനെതിരെ കുറിച്ചത്. മറുവശത്ത്, അസീസുൽ ഹകീം നയിക്കുന്ന ബംഗ്ലാ പടയിൽ അസീസിനൊപ്പം സവാദ് അബ്റാറും കലാം സിദ്ദീഖിയും മികച്ച ബാറ്റർമാരാണ്. ബൗളിങ്ങിൽ ഇഖ്ബാൽ ഹുസൈൻ, അൽഫഹദ് എന്നിവരും മോശക്കാരല്ല.

സാധ്യതാ ടീമുകൾ

ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഡി.ദീപേഷ്, മുഹമ്മദ് ഇനാൻ, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു, കിഷൻ കുമാർ സിങ്, വിഹാൻ മൽഹോത്ര, ഉദ്ധവ് മോഹൻ, ഹെനിൽ പട്ടേൽ, ഖിലാൻ എ. പട്ടേൽ, ഹർവൻഷ് സിങ്, വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി.

ബംഗ്ലാദേശ്: അസീസുൽ ഹക്കിം തമീം (ക്യാപ്റ്റൻ), സവാദ് അബ്രാർ, സമിയൂൻ ബാസിർ റതുൽ, ഷെയ്ഖ് പർവേസ് ജിബോൺ, റിസാൻ ഹൊസൻ, ഷഹരിയ അൽ അമിൻ, ഷാദിൻ ഇസ്‍ലാം, എം.ഡി. അബ്ദുല്ല, ഫരീദ് ഹസൻ ഫൈസൽ, കലാം സിദ്ദിക്കി അലീൻ, റിഫ്അത് ബേഗ്, സാദ് ഇസ്‍ലാം റസീൻ, സാദ് ഇസ്‍ലാം റാസിൻ, അൽ ഫഹർഹ റസീൻ. റിസർവ്: അബ്ദുർ റഹീം, ദേബാഷിസ് സർക്കാർ ദേബ, റാഫിഉസ്സമാൻ റാഫി, ഫർഹാൻ ഷഹരിയാർ, ഫർസാൻ അഹമ്മദ് അലിഫ്, സഞ്ജിദ് മജുംദർ, എം.ഡി. സോബുജ്.