ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല; ബജറ്റ് അവതരണം പൂർത്തിയായി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഏഴ് ലക്ഷം വരെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. നിലവിൽ അഞ്ച് ലക്ഷമായിരുന്ന ഇളവ് പരിധിയാണ് വർധിപ്പിച്ചത്. ഇളവ് പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവർക്കാണ്. ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനം നികുതി. ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനം നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ വരുമാനത്തിന് 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ നികുതി നിരക്ക്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. അടുത്ത 100 വർഷത്തെ വളർച്ചക്കുള്ള ബ്ലൂപ്രിന്‍റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നിർമല സീതാരാമൻ അവതരിപ്പിച്ച അഞ്ചാം ബജറ്റാണിത്.

Leave a Reply

Your email address will not be published. Required fields are marked *