മെസിയില്ലാത്ത ആദ്യ പോരിൽ വീണ് അർജന്റീന; സൗഹൃദ മത്സരത്തിൽ ഉറുഗ്വായ്ക്ക് ജയം

ബ്യൂണസ് ഐറിസ്: ഇതിഹാസ നായകൻ ലയണൽ മെസ്സി വിരമിച്ചതിന് പിന്നാലെ നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ പരാജയപ്പെട്ട് അർജന്റീന. സ്വന്തം തട്ടകമായ ബ്യൂണസ് ഐറിസിൽ ഉറുഗ്വായോടാണ് മുൻ ലോക ചാമ്പ്യന്മാരുടെ തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്കലോണിയും സംഘവും തോൽവി വഴങ്ങിയത്.

മത്സരത്തിൽ ആദ്യ വിസിൽ മുഴങ്ങിയത് മുതൽ അർജന്റീന മികച്ച മുന്നേറ്റങ്ങളുമായി ആക്രമണമഴിച്ച് വിട്ടു. നിക്കോ പാസ്, ഹൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നീ ത്രയമാണ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പന്തുമായി പല തവണ അർജന്റൈൻ താരങ്ങൾ കുതിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ സാധിക്കാത്തതോടെ ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്ന് കളിച്ചു. ഏറെ വൈകാതെ അർജന്റീനയുടെ ഓൺ ഗോളിൽ ഉറുഗ്വായ് മുന്നിലെത്തി. 48-ാം മിനിറ്റിൽ അർജന്റൈൻ പ്രതിരോധതാരം ലിയനാർഡോ ബലേർഡിയുടെ ഒരു ഹെഡർ അർജന്റൈൻ വലയിലെത്തുകയായിരുന്നു. ഇടതുവിങ്ങിൽ ഉറുഗ്വായ്ക്ക് ലഭിച്ച ഫ്രീകിക്ക് തല കൊണ്ട് ക്ലിയർ ചെയ്യാൻ ശ്രമിക്കവേ പന്ത് താരത്തിന്റെ ദേഹത്ത് തട്ടിയാണ് വലയിലെത്തിയത്.

പിന്നാലെ തിരിച്ചടിക്കാൻ ഉറച്ച് അർജന്റൈൻ താരങ്ങൾ ഉറുഗ്വായ് ഗോൾ മുഖത്തേക്ക് പാഞ്ഞു. എന്നാൽ, ആദ്യ ഗോൾ പിറന്ന് അഞ്ച് മിനിറ്റുകൾക്കകം ദി സ്കൈ ബ്ലൂ രണ്ടാം ഗോളും വലയിലെത്തിച്ചു. 53-ാം മിനിറ്റിൽ മാക്‌സി അരാഹോയാണ് അർജന്റൈൻ ആരാധകരെ നിശബ്ദരാക്കി ലക്ഷ്യം കണ്ടത്.

രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ അർജന്റീന വീണ്ടും മുന്നേറ്റങ്ങളുമായി കുതിച്ചു. ഒടുവിൽ 73-ാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കി. ഹൂലിയൻ അൽവാരസാണ് ടീമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. അവസാന മിനിറ്റുകളിൽ സമനിലക്കായി ലാ ആൽബിസെലെസ്റ്റെ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ, ഉറുഗ്വായ് പ്രതിരോധ നിര അർജന്റീനയുടെ മുന്നേറ്റങ്ങളെ തകർത്തെറിഞ്ഞു. ഏറെ വൈകാതെ ഫൈനൽ വിസിലെത്തിയതോടെ അർജന്റീന തോൽവി വഴങ്ങി.

മത്സരത്തിൽ 72 ശതമാനം പന്തടക്കവും അർജന്റീനക്കായിരുന്നു. എന്നാൽ, ടീം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിൽ മെസിയുടെ അഭാവം പ്രകടമായിരുന്നു. താരത്തിന്റെ പകരക്കാരായി വിലയിരുത്തപ്പെടുന്ന നിക്കോ പാസിനോ തിയാഗോ അൽമാഡക്കോ ആ വിടവ് നികത്താൻ സാധിച്ചില്ല.

നവംബർ 17ന് കോസ്റ്റാറിക്കക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. ഈ മത്സരത്തിലൂടെ വിജയിച്ച് തിരിച്ച് വരാനാകും ടീമിന്റെ ലക്ഷ്യം.