അമേരിക്കൻ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവെച്ച് വീഴ്ത്തി
വാഷിങ്ടൺ: ദിവസങ്ങൾക്കിടെ വീണ്ടും അമേരിക്കൻ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവെച്ച് വീഴ്ത്തി. ഇത്തവണ യു.എസ്-കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്.
പ്രസിഡന്‍റ് ജോ ബൈഡനാണ് നടപടിക്ക് നിർദേശം നൽകിയത്. അമേരിക്കയുടെ എഫ്-16 യുദ്ധ വിമാനമാണ് നിർദേശം നടപ്പാക്കിയത്.
ചരടുകൾ തൂങ്ങി നിൽക്കുന്ന തരത്തിലെ വൃത്താകൃതിയിലുള്ള വസ്തുവാണിതെന്നും സൈനിക ഭീഷണിയായി കാണുന്നില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇത് ചാര ഉപകരണമാണെന്ന് പറയാനാവില്ലെന്നും എന്നാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അലാസ്കക്ക് മുകളിൽ അജ്ഞാത പേടകം കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. ചാര ബലൂൺ കണ്ടെത്തുകയും ഇത് ചൈനയുടേതാണെന്നുമുള്ള ആരോപണങ്ങൾക്കിടെയുമായിരുന്നു പേടകത്തിന്‍റെ പ്രത്യക്ഷപ്പെടൽ.
അലാസ്കയുടെ വടക്കൻ തീരത്ത് 40,000 അടി മുകളിലായിരുന്നു ഇത്. ഇതും യുദ്ധ വിമാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു.