വൈദേകം: ഇപി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന് സഹോദരീപുത്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ്

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍നിന്ന് പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചതെന്നുമാരോപിച്ച് ജയരാജന്റെ സഹോദരീപുത്രന്‍ ഇ.പി. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടു. ജയരാജന്റെ കൈപ്പടയിലുള്ളതെന്ന് അവകാശപ്പെട്ട നോട്ട്ബുക്ക് പേജിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. വാര്‍ത്തയായതോടെ പോസ്റ്റ് പിന്‍വലിക്കപ്പെട്ടു. പോസ്റ്റ് താന്‍ ഇട്ടതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ശ്യാംജിത്ത് പിന്നീട് വിശദീകരിച്ചു. ആരോപണം പൂര്‍ണമായി തള്ളിയ ജയരാജന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

റിസോര്‍ട്ടില്‍ ചിലര്‍ കോടിക്കണക്കിന് രൂപ കണക്കില്‍പ്പെടാത്ത പണമായി നിക്ഷേപിച്ചെന്നും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം വെളിപ്പെടുത്തുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങളെ കണ്ട ഇ.പി. ജയരാജൻ, വൈദേകം റിസോര്‍ട്ടുമായി സാമ്പത്തിക ബന്ധമോ ഷെയറോ ഇല്ലെന്ന് പറഞ്ഞു. സഹോദരിയുടെ മകന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപണവും ജയരാജൻ ഉന്നയിച്ചു. തുടക്കകാലത്ത് റിസോർട്ടിന് ഉപദേശവും പ്രോത്സാഹനവും നല്‍കിയിരുന്നു. ഭാര്യക്ക് വിരമിക്കുമ്പോള്‍ ലഭിച്ച തുക മാത്രമാണ് ഓഹരിയായി നിക്ഷേപിച്ചത്.

ഇന്നുവരെ ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെടാത്ത ആളാണ് താനെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ശ്യാംജിത്തിന്റെ ഭാര്യ ദീപയെ തന്റെ നിര്‍ദേശപ്രകാരമാണ് അക്കൗണ്ട്സ് മാനേജരായി നിയമിച്ചതെന്നും എന്നാല്‍, ഗുരുതര ക്രമക്കേട് നടത്തിയതിനെ തുടർന്ന് അവരെ പുറത്താക്കിയെന്നും ജയരാജന്‍ ആരോപിച്ചു. 35,000 രൂപ ശമ്പളം നിശ്ചയിച്ചിരുന്ന അവര്‍ 60,000 രൂപ വരെ എടുത്തു, വ്യാജ വൗച്ചറുകളിലൂടെ പതിനായിരക്കണക്കിന് രൂപ തട്ടി, ജനറല്‍ മാനേജര്‍ എന്ന പേരില്‍ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി എന്നിവയാണ് ആരോപണങ്ങള്‍.

ആദ്യകാല എം.ഡി കെ.പി. രമേശന്റെ പേരില്‍ വ്യാജ പരാതി നല്‍കി ദീപ ഒപ്പിട്ടെന്നും ഇതറിഞ്ഞ രമേശന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ശ്യാംജിത്ത് വൈദേകം പി.ആര്‍.ഒ എന്ന പേരില്‍ കാര്‍ഡ് അടിച്ച് പണം വാങ്ങിയെന്നും ജയരാജന്‍ ആരോപിച്ചു. പുറത്താക്കിയതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ ആരോപണമെന്നും ജയരാജന്‍ പറഞ്ഞു. ആരോപണമുന്നയിച്ചവർക്കും വാർത്തയാക്കിയ ചാനലിനും എതിരെ നിയമനടപടി സ്വൗകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയരാജന്റെ പ്രതികരണത്തിനു പിന്നാലെ ശ്യാംജിത്ത് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിട്ടു.