"യു.ഡി.എഫും കോണ്‍ഗ്രസും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല; അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്" -വി.ഡി സതീശൻ
കൊച്ചി: യു.ഡി.എഫും കോണ്‍ഗ്രസും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വി.ഡി സതീശൻ.
“ഞങ്ങള്‍ ആരും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്വീകരിച്ച തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എന്ത് കാര്യമാണുള്ളത്. എല്ലാ ദിവസവും ഒരാളെ വിമര്‍ശിക്കാന്‍ പറ്റില്ല. എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് തിരുത്തും. ആരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനത്തോട് അസഹിഷ്ണുത പാടില്ല. അസഹിഷ്ണുത കാട്ടിയാല്‍ നമ്മളാണ് ചെറുതായി പോകുന്നത്. ഞാന്‍ ആര്‍ക്കെതിരെയും മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരു കാര്യത്തില്‍ മാത്രമെ വിയോജിപ്പുള്ളൂ, വര്‍ഗീയത പറയരുത്. വര്‍ഗീയത പറഞ്ഞാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല”, വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പത്മ പുരസ്കാരം എസ്.എന്‍.ഡി.പിക്ക് കിട്ടിയ അംഗീകാരമാണെന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും എസ്.എന്‍.ഡി.പിക്ക് അംഗീകാരം കിട്ടുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം പുരസ്കാര ലബ്ദിയിൽ വെള്ളാപ്പള്ളിക്ക് അനുമോദനം അറിയിച്ചു.
ശശി തരൂരിനെ കുറിച്ച് നിങ്ങള്‍ തന്നെ വാര്‍ത്ത നല്‍കിയിട്ട് എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടതെന്ന് മാധ്യമങ്ങളോട് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിന് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു യോഗത്തില്‍ താൻ പങ്കെടുക്കാതിരുന്നത് വാര്‍ത്തായാക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും പറഞ്ഞു. കെ. മുരളീധരന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉറപ്പായും പരിശോധിക്കുമെന്നും അക്കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു
