ആറന്മുളയിൽ മാത്രമായി നടപ്പിലാക്കിയത് 2100 കോടി രൂപയുടെ വികസനം -വീണാ ജോർജ്
ആറന്മുള: ആറന്മുള മണ്ഡലത്തിൽ 2100 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്. വികസന മുരടിപ്പിൽനിന്ന് വികസനക്കുതിപ്പിലേക്ക് മണ്ഡലത്തെ നയിക്കാൻ കഴിഞ്ഞു. പുല്ലാട് നോർത്ത്, തോട്ടപ്പുഴശ്ശേരി, കുറിയന്നൂർ മേഖലകളിലായിരുന്നു വീണാ ജോർജിന്റെ പര്യടനം. രാവിലെ എട്ടിന് പുല്ലാട് നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. 25 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. മോസ്കായിലായിരുന്നു സമാപനം.
എം.വി സഞ്ജു, ചെറിയാൻ. സി. ജോൺ, ഡോ. പുണ്യ ചന്ദ്രൻ, ടി.വി സ്റ്റാലിൻ, ആർ. അജയകുമാർ, വി.സി അനിൽ കുമാർ, രാജു കടകരപ്പള്ളി, മാത്യു മരോട്ടിൽ മൂട്ടിൽ, ജോൺ വി തോമസ്, അനിൽ കുറ്റ്യാടി, പി.സി സുരേഷ് കുമാർ, കെ.ഐ ജോസഫ്, ചെറിയാൻ ജോർജ് തമ്പു, സി.എസ് മനോജ്, ടിം ടൈറ്റസ്, ആർ. ഡോണി, എം.ജി സുകുമാരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കുളനട, മെഴുവേലി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.
സർക്കാറിന്റെ വികസന നയം ജനങ്ങൾ ഏറ്റെടുത്തു -എ.വിജയരാഘവൻ
കേരളത്തിൽ കോൺഗ്രസ് തമ്മിലടിച്ചു കൊണ്ടിരിക്കുകയാണെന്നും അവർക്ക് അധികാരത്തിലെത്താൻ ഒരിക്കലും സാധിക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. ബി.ജെ.പിയുടെ വർഗീയ അജണ്ട ജനം തള്ളിക്കളയും. വികസനത്തെ മുൻനിർത്തി മൂന്നാമതും എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും. സർക്കാറിന്റ വികസന നയം കേരളീയ ജനത സർവ്വാത്മനാ സ്വീകരിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. തിരുവല്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.മാത്യു ടി. തോമസിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി തിരുവല്ലയിൽ ചേർന്ന സി.പി.എം മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ. ജില്ലാ കമ്മറ്റി അംഗം ബിനു വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ. സനൽ കുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. ഫ്രാൻസിസ് വി. ആന്റണി, പി.സി. സുരേഷ് കുമാർ, സി.എൻ. രാജേഷ്, തിരുവല്ല ഏരിയാ സെക്രട്ടറി ബിനിൽകുമാർ എന്നിവർ സംസാരിച്ചു.
