കൈക്കൂലി ആരോപണം: തിരുവനന്തപുരം കോർപറേഷൻ എൽ.ഡി.എഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകാനും 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിജിലൻ‌സ് നടപടി. തൃക്കണ്ണാപുരം വാർഡിലെ എൽ.ഡി.എഫ് കൗൺസിലറാണ് അജിൻ.

അജിൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലാവുകയും പ്രദേശത്ത് രാഷ്ട്രീയ വിശദീകരണയോഗം അടക്കം നടത്തുകയും ചെയ്തിരുന്നു. പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിയുമായി ബന്ധപ്പെട്ടാണ് അജിൻ കൈക്കൂലി ആവശ്യപ്പെട്ടത്.

തൃക്കണ്ണാപുരം വാർഡിൽ 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി തിരിച്ചു വിൽപന നടത്തുകയായിരുന്നു സഞ്ജു. ആദ്യഘട്ട നിർമാണം നടക്കുമ്പോഴാണ് അജിൻ ഇടപെട്ടത്. 10 ലക്ഷം രൂപ കൈക്കൂലി നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രംഗത്തിറക്കി സമരം തുടങ്ങുമെന്നായിരുന്നു കൗൺസിലറുടെ ഭീഷണി.