തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 50 ലക്ഷം കടന്നു (51,38,838). വിതരണം ചെയ്ത ഫോമുകളുടെ 18.45 ശതമാനമാണിത്. കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം നാളെയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ല പുരോഗതി ദൃശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ വ്യക്തമാക്കി. നഗരത്തിലെ ചില കളക്ഷന്‍ ഹബ്ബുകള്‍ താന്‍ സന്ദര്‍ശിച്ചതായും ബി എല്‍ ഒ മാര്‍ വളരെ ഉത്സാഹഭരിതരായാണ് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും ജോലിയില്‍ വ്യാപൃതരായ ബിഎല്‍ഒമാരെയും അവരുടെ കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു.
വോട്ടര്‍മാര്‍ ഓണ്‍ലൈനായി 53,254 ഫോമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 0.19% വരും. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 1,64,631 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഫോമുകള്‍ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷന്‍ഹബ്ബുകള്‍’ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം നാളെയും തുടരുമെന്ന് ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
