ജയിലിലെ വി.ഐ.പി പരിഗണന വിവാദമായി; ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും

VIP

ബെം​ഗളൂരു: കൊലപാതക കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശന് ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ചത് വിവാദമായതോടെ താരത്തെ ജയിലിൽ നിന്ന് മാറ്റും. ഇയാളെ ബെല്ലാരി ജയിലിലേക്ക് മാറ്റാൻ കോടതി അനുമതി നൽകി. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നടൻ.VIP

ദർശനോടൊപ്പം കൊലപാതകത്തിൽ ഉൾപ്പെട്ട ഒമ്പത് പേരെയും സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റും. മുഖ്യപ്രതി പവിത്ര ഗൗഡയും മറ്റ് രണ്ട് പേരും ബെംഗളൂരു സെൻട്രൽ ജയിലിൽ തുടരും. മറ്റ് നാലുപേരെ തുംകൂർ ജയിലിലേക്ക് മാറ്റി. ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചന നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം ബെംഗളൂരു ജയിൽ അധികൃതർ പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റും.

പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശൻ മറ്റു മൂന്ന് തടവുകാരോടൊപ്പം കസേരയിൽ ഇരിക്കുന്ന ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ഒരു കയ്യിൽ കാപ്പി കപ്പും മറുകയ്യിൽ സിഗരറ്റും പിടിച്ചാണ് ദർശൻ ഇരിക്കുന്നത്. ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. കേസിലെ 11-ാം പ്രതിയായ നാഗരാജ്, കുപ്രസിദ്ധ ഗുണ്ടാത്തലവനായ വിൽസൺ നാഗ്‌രാജ് എന്നിവരാണ് ദർശന്റെ കൂടെയുള്ളത്. ജയിലിലെ വിഡിയോ കോൺഫറൻസ് ഹാളിന്റെ പിന്നിലാണ് ഇവർ ഇരിക്കുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന രേണുകാസ്വാമിയെ ജൂൺ ഒമ്പതിനാണ് ബെംഗളൂരുവിലെ മേൽപ്പാലത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർശന്റെ ആരാധകനായിരുന്നു 33-കാരനായ രേണുകാസ്വാമി. നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ദർശന്റെ നിർദേശ പ്രകാരം ഗുണ്ടാസംഘം രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *