'പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല'; എ. സുരേഷ് ഇനി കോൺഗ്രസിൽ, മലമ്പുഴയിലെ സ്ഥാനാര്‍ഥിയാകും



പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേരും. ഇന്ന് കോൺഗ്രസിൽ അംഗത്വമെടുക്കുമെന്ന് സുരേഷ് അറിയിച്ചു. പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയും പോകണോ എന്ന് പല തവണ ആലോചിച്ചു. അതിന് ശേഷമാണ് യു.ഡി.എഫിന്‍റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ എങ്ങനെയാണോ ആലോചിക്കുന്നത് ആ നിലക്ക് മത്സരിക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞതെന്ന് സുരേഷ് വ്യക്തമാക്കി.

‘കോൺഗ്രസിൽ ചേരാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അത് ഞാൻ സ്വയം എടുത്ത തീരുമാനമാണ്. ഇടതുപ‍ക്ഷ മൂല്യങ്ങൾ പേരിൽ മാത്രമുള്ള നിലയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി മാറി. പാർട്ടിയെ സ്നേഹിക്കുന്നവരും ഭരണത്തെ സ്നേഹിക്കുന്നവും എന്നിങ്ങനെ രണ്ട് വിഭാഗമായി മാറിയിരിക്കുകയാണ് കേരളത്തിലെ സി.പി.എം. അതിൽ ഭരണത്തെ സ്നേഹിക്കുന്നവർ ന്യൂനപ‍ക്ഷമാണെങ്കിലും അവരാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിനൊപ്പം ചേരാനാണ് ഞാൻ തീരുമാനിച്ചത്’ -എ. സുരേഷ് പറഞ്ഞു.

അതേസമയം, എ. സുരേഷ് മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കെ.പി.സി.സി നേതൃത്വം എ. സുരേഷുമായി ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇടതുപക്ഷത്തിന്‍റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിനെതിരെ നിൽക്കുന്ന ആയിരക്കണക്കിന് ആളുകൾക്കൊപ്പമാണ് താനും ഉള്ളതെന്ന് നേരത്തെ സുരേഷ് പറഞ്ഞിരുന്നു. പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കിയിട്ട് പത്ത് വർഷത്തിലേറെയായി. നാല് അപ്പീൽ കൊടുത്തിരുന്നു. പക്ഷേ ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പാർട്ടിയിൽനിന്നും പുറത്താക്കിയതിന്‍റെ കാരണം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയോട് ചോദ്യങ്ങളുമായി സുരേഷ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഏഴോളം കുറ്റങ്ങൾ ചുമത്തിയാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അതിന് ശേഷം പാർട്ടി മെമ്പർഷിപ്പിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചതിനെക്കുറിച്ചും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചതെന്നും അങ്ങനെയുള്ള തന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നതെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.