കാലുമാറി, ഒടുവിൽ രാജി; എൽ.ഡി.എഫിന് വോട്ട് ചെയ്ത മുസ്‍ലിം ലീഗ് സ്വതന്ത്രനായ ബ്ലോക്ക് പഞ്ചായത്തംഗം അംഗത്വം രാജിവെച്ചു



വരവൂർ (തൃശൂർ): വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത യു.ഡി.എഫ് അംഗം രാജിവെച്ചു. തളി ഡിവിഷനിൽനിന്ന് ജയിച്ച മുസ്‍ലിം ലീഗ് സ്വതന്ത്രൻ ജാഫറാണ് തിങ്കളാഴ്ച ഉച്ചക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ വീതം വിജയിച്ച യു.ഡി.എഫും എൽ.ഡി.എഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ജാഫർ ഇടതുമുന്നണിയിലെ കെ.വി. നഫീസക്ക് വോട്ട് ചെയ്തത്. ഇതോടെ കെ.വി. നഫീസ വിജയിച്ചു.

വരവൂർ പഞ്ചായത്തിലെ വാർഡുകളെ കൂടാതെ എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡും ഈ ഡിവിഷനിൽ ഉൾപ്പെട്ടിരുന്നു. മൂന്നാം വാർഡിൽനിന്ന് ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തേക്കാൾ കൂടുതൽ വോട്ട് ജാഫർ നേടിയിരുന്നു. കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.