മാലിന്യ സംസ്കരണ പദ്ധതി: ലോകബാങ്ക് വിദഗ്ധസഹായം ലഭ്യമാക്കും; ഡ്രോൺ സർവെ നടത്തും

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു.

സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം
കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവർ അറിയിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (ISWA) വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകും.

ഡ്രോൺ സർവ്വേയെത്തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിർവ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിർദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.

യോഗത്തിൽ ലോകബാങ്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് മാനേജർ അബ്ബാസ് ജാ, ദീപക് സിംഗ്, കരൺ മൻഗോത്ര, യെഷിക, ആഷ്‌ലി പോപിൾ, വാണി റിജ്‌വാനി, പൂനം അഹ്‌ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *