വയനാട് പുനരധിവാസം: കോണ്‍ഗ്രസ് നിർമിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ 26ന്, രാഹുല്‍ഗാന്ധി എത്തും


തൃശൂര്‍: വയനാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26ന് ഉച്ചക്ക് രണ്ടിന് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

ചൂരല്‍മലയിലേയും മുണ്ടക്കൈയിലെയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവടസ്ഥാപനത്തിന്റെ 40 ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ചടങ്ങില്‍ കൈമാറും. ഇവര്‍ പ്രിയങ്ക ഗാന്ധിയെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്കഗാന്ധിയുടെ സഹായം. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ ആഴ്ച നടക്കും. 5.42 ഏക്കറിലാണ് 50 വീടുകൾ നിർമിക്കുക. ഒരു വീടിന്റെ ഉടമക്ക് എട്ട് സെന്റ് സ്ഥലം നല്‍കും. ഒരു വീടിന് 1100 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. ഇതിന്റെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറ പ്രദേശത്ത് അഞ്ച് ഏക്കര്‍കൂടി സ്ഥലം ഏറ്റെടുത്ത് 50 വീടുകൾ കൂടി നിർമിക്കും.

ദുരിതബാധിതരായ ആളുകള്‍, പാടിയില്‍ താമസിച്ചിരുന്നവര്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു ഒഴിവാക്കപ്പെട്ട ദുരിതബാധിതര്‍ എന്നിവരാണ് വീടിന്റെ ഗുണഭോക്താക്കള്‍. നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണിന്റെ ഘടനാ പരിശോധന പൂര്‍ത്തിയായി. നിര്‍മാണ പ്രദേശത്തെ നീരൊഴുക്ക് സംബന്ധിച്ച പഠനം കഴിഞ്ഞു. എന്‍വയോണ്‍മെന്റ് എൻജിനീയറിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയുള്ള വീടുകളായിരിക്കും കൈമാറുക.

ചടങ്ങില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരും പങ്കെടുക്കും. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കൊണ്ടുവന്ന ഇളവുകള്‍ കോണ്‍ഗ്രസ് ഭൂമി ഏറ്റെടുത്തപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.