‘ഞങ്ങൾക്കും പെണ്ണ് കെട്ടണം’; 200 യുവാക്കൾ പദയാത്രയ്‌ക്കൊരുങ്ങുന്നു
മാണ്ഡ്യ: വധുക്കളെ കണ്ടെത്താൻ ദൈവാനുഗ്രഹം തേടി കർണാടകത്തിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ള 200 ഓളം യുവാക്കൾ ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തും. കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾക്ക് വധുക്കളെ കണ്ടെത്താൻ പ്രയാസമാണെന്ന് ഗ്രാമവാസികൾ പറയുന്നു. അതേസമയം പെൺഭ്രൂണഹത്യയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധിയാർജിച്ച ജില്ല ഇന്ന് പെണ്ണിന്റെ വിലയറിയുകയാണെന്ന് വനിതാ കർഷക നേതാവ് സുനന്ദ ജയറാം പറഞ്ഞു.
‘ലളിത ജീവിതം പുതുതലമുറ ഇഷ്ടപ്പെടുന്നില്ല. കാർഷിക മേഖലയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടു. പെൺകുട്ടികളും നഗരങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം വധുക്കളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതിന്റെ പ്രധാന കാരണങ്ങളാണ്,’ സുനന്ദാ ജയറാം കൂട്ടിച്ചേർത്തു. ഈ മാസം തന്നെ പദയാത്ര നടത്താനാണ് യുവാക്കളുടെ തീരുമാനം. 30 വയസ്സിനു മുകളിൽ പ്രായമുള്ള 200 ഓളം അവിവാഹിതരായ യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ (ബാച്ചിലേഴ്സ് മാർച്ച്) എന്ന പേരിൽ യാത്ര നടത്തും. പദയാത്ര പ്രഖ്യാപിച്ച് ആദ്യ 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പേര് രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ള അവിവാഹിതരായ പുരുഷന്മാരും ഗ്രാമീണരായ യുവാക്കളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അവിവാഹിതരായ പുരുഷന്മാരെ മാനസിക പ്രയാസത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന ആശയമാണ് ഈ യാത്രയ്ക്ക് പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ യുവാക്കള്‍ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25ന് എംഎം ഹിൽസിലെത്തും. യാത്രക്കാർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ പദയാത്രയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. യോജിച്ച വധുവിനെ കണ്ടെത്താൻ കഴിയാത്ത യുവാക്കളെ പ്രചോദിപ്പിക്കാനാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ ശിവപ്രസാദ് പറഞ്ഞു. ‘അവർ വളരെയധികം മാനസിക ആഘാതങ്ങൾ നേരിടുന്നു. അവരെ പ്രചോദിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ യാത്ര നടത്തണമെന്നായിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഞങ്ങൾ യാത്രക്കാരിൽ നിന്ന് ഒന്നും ശേഖരിക്കുന്നില്ല,’ 34-കാരനായ ശിവപ്രസാദ് കൂട്ടിച്ചേർത്തു.
‘We also want to tie the girl’; 200 youths are preparing for padayatra