അൽ അഖ്‌സ പള്ളിയിൽ റമദാനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്ക് പിന്നിലെന്ത്?
ജറുസലേം: മസ്ജിദുൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ ഇസ്രായേൽ സൈന്യം പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന വിശ്വാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഫലസ്തീൻ വീണ്ടും സംഘർഷഭൂമിയായി മാറുകയാണ്. ബുധനാഴ്ച്ച പുലർച്ചെയോടെയാണ് അൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ സൈന്യം സ്ത്രീകളെ അടക്കം ക്രൂരമായി മർദിച്ച് പുറത്താക്കിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടികൾ ഉപയോഗിച്ച് സൈന്യം ഫലസ്തീനികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൈന്യത്തിന്റെ അതിക്രമത്തിൽ 12 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസ്റ്റ് അറിയിച്ചു. 400 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
സ്‌ഫോടക വസ്തുക്കളും വടികളും കല്ലുകളുമായാണ് ഫലസ്തീനികൾ അൽ അഖ്‌സയിൽ തമ്പടിച്ചതെന്നും അതുകൊണ്ടാണ് അവരെ അവിടെനിന്ന് പുറത്താക്കിയതെന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. റമദാൻ മാസം രാത്രികളിൽ അൽ അഖ്‌സയിൽ പ്രാർഥന അനുവദിക്കരുതെന്ന് പള്ളി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതാണെന്നും സൈന്യം പറയുന്നു. എന്നാൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്താൻ ഇസ്രായേലിന്റെ അനുമതി ആവശ്യമില്ലെന്നും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണ് വിശ്വാസികൾക്കെതിരെ നടന്നതെന്നും ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ പറഞ്ഞു. അൽ അഖ്‌സ പള്ളി ഫലസ്തീനികൾക്കും അറബികൾക്കും മുഴുവൻ മുസ്‌ലിംകൾക്കും അവകാശപ്പെട്ടതാണ്. അതിനെതിരെ നടക്കുന്ന അതിക്രമങ്ങൾ അധിനിവേശത്തിനെതിരായ വിപ്ലവത്തിന്റെ തീപ്പൊരിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.