ബിഎൽഒ ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ആൾ വീട്ടിലില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലും എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎൽഒ ഉദ്യോഗസ്ഥർ വീട്ടിലേക്കെത്തുമ്പോൾ ആളില്ലെങ്കിൽ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാൻ ആപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽകർ. ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയിട്ട അവസ്ഥയാണെങ്കിലും ആശയവിനിമയം നടത്തുന്നതിനായി സൗകര്യപ്രദമായ മറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു.
ബിഎൽഎമാരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനായി പ്രത്യേകം ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഇവരുടെ സന്ദർശനവേളയിൽ വീട് അടച്ചുപൂട്ടിയിരിക്കുകയാണെങ്കിൽ അസൗകര്യം അറിയിക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. താനിപ്പോൾ നാട്ടിലില്ലെന്നും തന്റെ ബന്ധുക്കളാരും അവിടെ കാണുകയില്ലെന്നും അറിയിച്ചാൽ മാത്രം മതിയാകും. അഥവാ, ബിഎൽഒമാർ സന്ദർശിക്കുന്ന സമയത്ത് വീട്ടിൽ ആളുണ്ടാകണമെന്ന് നിർബന്ധമില്ല.
നാട്ടിലില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം വോട്ടർ പട്ടികയിൽ പേര് ഉറപ്പാക്കുന്നതിനായി രണ്ട് വഴികളാണ് പ്രധാനമായും മുന്നിലുള്ളത്. ഒന്നാമതായി എന്യുമറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ചുകൊണ്ട് തിരിച്ചയക്കാം. മറ്റൊന്ന്, ഒരു കാരണവശാലും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം ബിഎൽഒയെ അറിയിച്ചുകൊണ്ട് അയൽവാസിമാർ മുഖേനെ താനീ നാട്ടിലുള്ളയാളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യാം.
കേരളത്തിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായും ഉയർന്നുവരാനിടയുള്ള സംശയങ്ങൾക്കുള്ള പരിഹാരം മീഡിയവണിലൂടെ വ്യക്തമാക്കുകയായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ.
