‘മുറി പരിശോധിച്ചപ്പോള്‍ ഉപകരണത്തിന്റെ പേരെഴുതിയ പുതിയൊരു ബോക്സ് കൂടി കണ്ടു’; ഡോ.ഹാരിസിനെ സംശയമുനയിൽ നിർത്തി മെഡി.കോളജ് പ്രിൻസിപ്പൽ ഡോ. ജബ്ബാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെ വീണ്ടും സംശയമുനയില്‍ നിര്‍ത്തി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജബ്ബാർ. ഉപകരണം കാണാനില്ലെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിന് പിന്നാലെ രണ്ടുതവണ ഡോ.ഹാരിസിന്റെ മുറിയില്‍ പോയി പരിശോധിച്ചിരുന്നെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഇന്നലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പരിശോധന നടത്തിയിരുന്നു. അവിടെ പുതിയൊരു ബോക്സ് കൂടി കണ്ടെന്നും അതിലൊരു അസ്വാഭാവികത തോന്നിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തുകയും ചെയ്തു.ഉപകരണത്തിന്റെ പേരെഴുതിയ ബോക്സാണ് കണ്ടത്. സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ കയറിയതായി കാണുകയും ചെയ്തു’.എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധനയും വ്യക്തതയും വേണമെന്നും ഡോ.ജബ്ബാര്‍ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കാണാതായെന്ന് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കാര്യത്തിലാണ് ഡോ.ഹാരിസിനെ സംശയനിഴലാക്കി വീണ്ടും പ്രിന്‍സിപ്പലും രംഗത്തെത്തിയത്.എന്നാല്‍ ഡോ.ഹാരിസിനെപ്പറ്റി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ചെറിയ പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരാമർശിച്ചിരുന്നു.തന്നെ കുടുക്കാനുള്ള ശ്രമമെന്നും,ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു.KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.