സീനിയർ വിദ്യാർഥിയുടെ റാഗിങ്; ആത്മഹത്യയ്ക്കു ശ്രമിച്ച മെഡ‍ിക്കല്‍ പിജി വിദ്യാർഥിനി മരിച്ചു

ഹൈദരാബാദ് ∙ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി.പ്രീതി (26) മരണത്തിനു കീഴടങ്ങി. കെഎംസി വിദ്യാർഥിനിയായ ഡോ.പ്രീതി, ഇന്നലെ രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് മരണം. മരിച്ച പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡോ.പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചെത്തിയവർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.

രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

റെയിൽവേ പൊലീസിൽ എസ്ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടിരുന്നു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഡ്യൂട്ട് സമയത്ത് വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പിതാവിനെ അറിയിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ലോക്കൽ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *