ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് അന്തരിച്ചു
കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1945ല്‍ കണ്ണൂർ പള്ളിക്കുന്നിലാണ് ജനനം.
കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. എറണാകുളത്തുള്ള കേന്ദ്ര ഗവ. സ്ഥാപനമായ ഏലം (സ്പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപ പദവിയും വഹിച്ചു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
‘ഏലം ഒരു ശീലമാക്കു’ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്കാരം, സമഗ്രസംഭാവനക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിത-കഥ ക്ലാസ്സുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നളിനിയാണ് ഭാര്യ. കലൂർ പി.സി. റോഡിലെ വാടക വീട്ടിലായിരുന്നു താമസം.
