‘ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്’; വിവാദ യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

ദുബൈ: ‘ഇത്രയും നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്. നല്ല കാര്യങ്ങൾ പറയൂ. ഈ യൂട്യൂബർ എന്നൊക്കെയല്ലാതെ ഞങ്ങളുടെ കാര്യങ്ങൾ ഒരുപാട് പറയാനുണ്ടല്ലോ’- വിവാദ യൂട്യൂബർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മറുപടി ഇതായിരുന്നു.

ഊദ് അൽ മുതിനയിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്‌ഘാടന വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന നമ്മുടേതാണ്. ഞാൻ ഫ്ലൈറ്റിലിരുന്ന് ആ ഭരണഘടന വായിക്കാറുണ്ട്. മഹാനായ അംബേദ്കർ എഴുതിയ ഭരണഘടനയിൽ ആർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിനെല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. അവിടെ വെച്ച് നിർത്തണം’ – അദ്ദേഹം പറഞ്ഞു.

അതേസമയം, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് ലുലു ഗ്രൂപ്പ്‌ കമ്മ്യൂണിക്കേഷൻസ് മേധാവി വി നന്ദകുമാർ അറിയിച്ചിരുന്നു. ഷാജൻ സ്കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അ​ദ്ദേഹം വ്യക്തമാക്കിയിരുന്നു.

എല്ലാ കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഒരു കേസും പിൻവലിച്ചിട്ടില്ല. നിയമനടപടികൾ തുടരുക തന്നെ ചെയ്യും. ലോകമെമ്പാടും ഓഫിസുകളുള്ള പബ്ലിക് ലിസ്റ്റഡ് കമ്പനിയാണ് ലുലു. ശക്തമായ ലീഗൽ ടീമും ഞങ്ങൾക്കുണ്ട്. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇത് വെറുമൊരു വ്യക്തിപരമായ ആരോപണമല്ല. ലുലു എന്ന ബ്രാൻഡും സ്ഥാപനവും ഏകദേശം 75,000ഓളം ജീവനക്കാരുടെ വീടും കുടുംബവുമാണ്. കമ്പനിയുടെയും ചെയർമാന്‍റെയും ക്ഷേമത്തിന് ഞങ്ങൾ ഓരോരുത്തരും ഉത്തരവാദികളാണ്. ആ രീതിയിൽ തന്നെ മുന്നോട്ടുപോകും. ലൈക്കും ക്ലിക്കും ഷെയറും മുൻനിർത്തിയാകാം ഈ ആരോപണങ്ങളും വ്യാജവാർത്തകളുമൊക്കെ. പക്ഷേ, ബ്രാൻഡിന് കേടുപാടുകൾ വരുത്തുന്നത്​ ഞങ്ങൾ അംഗീകരിക്കില്ല. മാപ്പ് പറയാനോ ഒത്തുതീർപ്പിലെത്താനോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് അതൊന്നും വേണ്ട. നിയമനടപടികൾ മാത്രമാണ് ഏക വഴി’ -അദ്ദേഹം വിശദീകരിച്ചു.

യൂസഫലിയ്‌ക്കെതിരായ വ്യാജ പ്രചരണത്തിൽ കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്നാണ് ഷാജൻ വിശദീകരണ വിഡിയോയിൽ പറയുന്നത്. യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ ആരോപണം.

2020 നവംബർ 21നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ വീഡിയോ യൂസഫലിക്കെതിരെ വിഡിയോ വന്നത്. ഇതിന് പിന്നാലെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് നൽകുകയായിരുന്നു. എറണാകുളം സബ് കോടതിയിലാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജൻ സ്കറിയ മാപ്പ് വിഡിയോയിൽ പറഞ്ഞു. ഇത്​ മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ, എം.എ. യൂസഫലിയോട്​ താൻ മാപ്പു പറഞ്ഞിട്ടില്ലെന്നും മാപ്പ്​ പറഞ്ഞെന്ന്​ തെളിയിച്ചാൽ ഒരു കോടി രൂപ നൽകുമെന്നുമുള്ള പ്രസ്താവനയുമായി ഷാജൻ സ്കറിയയും രംഗത്തുവന്നിരുന്നു​.