സോണ്ട കമ്പനിയുടെ കരാർ ലംഘനം: പ്രതിരോധത്തിലായി മന്ത്രി എം.ബി രാജേഷും കൊച്ചി മേയറും

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാറെടുത്ത സോണ്ട കമ്പനി കരാർലംഘനം നടത്തിയെന്ന് വ്യക്തമായതോടെ മന്ത്രി എം.ബി രാജേഷും കൊച്ചി മേയര്‍ എം.അനില്‍കുമാറും ഒരു പോലെ പ്രതിരോധത്തിലായി. ബ്രഹ്മപുരം തീപിടിത്തം നിയമസഭയിൽ ചർച്ചയായപ്പോൾ സോണ്ട കമ്പനിയെ കണ്ണടച്ച് ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തത്.

സോണ്ട എം.ഡി രാജ്കുമാറാകട്ടെ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനും തയ്യാറായില്ല. സോണ്ടയുടെ പ്രവർത്തനമികവിന് തെളിവായി എക്കാലത്തും ഹാജരാക്കാൻ കഴിയുംവിധമുള്ള പ്രസംഗമാണ് മന്ത്രി എം.ബി രാജേഷ് അന്ന് നടത്തിയത്. ഇതേ സോണ്ട കമ്പനിയാണ് ബ്രഹ്മപുരത്തെ ബയോ മൈനിംഗ് 55 കോടിക്ക് കരാറെടുത്ത് 22.5 കോടിക്ക് മറിച്ചുകൊടുത്തത്.

സോണ്ടയുടെ കരാർ ലംഘനം പുറത്തുവന്നിട്ടും മന്ത്രിയോ മേയറോ പ്രതികരിച്ചിട്ടില്ല. സർക്കാറിൽ നിന്നും കോർപറേഷനിൽ നിന്നും സോണ്ട കമ്പനിക്ക് വഴിവിട്ട സഹായം ലഭിച്ചുവെന്ന ആരോപണം ഇതോടെ കൂടുതൽ ബലപ്പെടുകയാണ്. സോണ്ടയുടെ ജീവനക്കാരനായി ബ്രഹ്മപുരത്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന വെങ്കിട് എന്നയാളാണ് അറാഷ് മീനീക്ഷി കമ്പനിയുടെ പേരിൽ ഉപകരാറെടുത്തതായി രേഖയിലുള്ളത്.

ബയോമൈനിംഗ് കരാർ മറിച്ച് കൊടുത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ് പറയുന്നത്. സോണ്ട എം ഡി രാജ്കുമാറാകട്ടെ ചോദ്യങ്ങൾക്കെല്ലാം മൗനം പാലിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *