ഖത്തറില്‍ കാനറിക്കണ്ണീര്‍; ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ സെമിയിൽ
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി സെമിയിലെത്തുന്ന ആദ്യ ടീമായി ക്രൊയേഷ്യ. രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ആദ്യപകുതിയില്‍ ഇരച്ച് ക്രൊയേഷ്യ
ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിന്‍റെ ആക്രമണത്തിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നില്‍ മോഡ്രിച്ചിന്‍റെ നേതൃത്വത്തില്‍ ക്രൊയേഷ്യ നീക്കങ്ങള്‍ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോള്‍ പൊസിഷനും മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.
മൂന്നാം മിനുറ്റില്‍ കൊവാസിച്ചിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്‍റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാര്‍ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റില്‍ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റില്‍ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 23-ാം മിനുറ്റില്‍ നെയ്‌മറുടെ താളം കൃത്യമായി കണ്ട നീക്കത്തില്‍ കസിമിറോയ്ക്ക് ഗോള്‍വല ഭേദിക്കാനായില്ല. 42-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കില്‍ നെയ്‌മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.
ഒടുവില്‍ സുല്‍ത്താന്‍, പക്ഷേ മറുപടി, പിന്നെ ഷൂട്ടൗട്ട്
രണ്ടാംപകുതി ബ്രസീലിയന്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനുറ്റില്‍ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 76-ാം മിനുറ്റില്‍ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ നെയ്മര്‍ ശ്രമിച്ചപ്പോള്‍ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റില്‍ പക്വേറ്റയുടെ ഷോട്ടും ഗോളിയില്‍ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്‌ട്രാ ടൈമില്‍(105+1) സാക്ഷാല്‍ സുല്‍ത്താന്‍ നെയ്‌മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 116-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്‌കോവിച്ചിന്‍റെ ഫിനിഷ് മത്സരം സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി.