ഇടക്കിടെയുള്ള സെർവർ പണിമുടക്ക്; റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ

സെർവർ ഇടക്കിടെ പണി മുടക്കുന്നത് മൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ. രാവിലെ ഒമ്പതു മുതൽ 11.45 വരെയുള്ള സമയത്താണ് സെർവർ കൂടുതലായി പണി മുടക്കുന്നത്. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതലാളുകൾ റേഷൻ വാങ്ങാൻ എത്തുന്നത്. അതുകൊണ്ട് തന്നെ ഉഭോക്താക്കൾക്ക് ഇ-പോസ് സ്കാനറിൽ വിരൽ പതിച്ച് നേരിട്ട് റേഷൻ വാങ്ങാൻ കഴിയുന്നില്ല. സ്കാനറിൽ വിരൽ പതിക്കുമ്പോൾ ഒരു മിനിറ്റോളം നിശ്ചലമായി നിന്ന ശേഷം ഒ.ടി.പി അയക്കുന്ന ഓപ്ഷനിലേക്കാണ് പോവുന്നത്.

ആധാറുമായി ലിങ്ക് ചെയ്ത ഗൃഹനാഥയുടെ മൊബൈൽ ഫോണിലേക്കായിരിക്കും ഒ.ടി. പി എത്തുക. പലപ്പോഴും റേഷൻ വാങ്ങാനെ എത്തുന്നവരുടെ കൈവശം ഈ ഫോൺ ഉണ്ടാകാറില്ല. ഈ നമ്പറിലേക്ക് ഒ ടി.പി വിളിച്ചു ചോദിച്ച് എന്റർ ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇക്കാരണത്താൽ നിരവധി ഉപഭോക്താക്കളാണ് റേഷൻ വാങ്ങാൻ ആവാതെ തിരിച്ചു പോകുന്നത്. മാത്രമല്ല, റേഷൻ കടകളിൽ തിരക്ക് വർധിക്കുകയും ചെയ്യുന്നു. ഒ.ടി.പിയുടെ സമയം ഇപ്പോഴുള്ള ഒരു മിനിറ്റിന് പകരം രണ്ടു മിനിറ്റാക്കിയാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാവുന്നതാണ് .തുടർച്ചയായി മൂന്നാം ദിവസമാണ് ഇങ്ങനെ റേഷൻ വിതരണം തടസ്സപ്പെടുന്നത്.

വൈകീട്ട് നാലു മുതൽ നാലര വരെ സാധാരണ പോലെ റേഷൻ കൊടുക്കാൻ കഴിയുന്നുണ്ടെങ്കിലും രാവിലെ കിട്ടാതെ മടങ്ങി പോയവരും വൈകുന്നേരങ്ങളിൽ എത്തുന്നതോടെ സെർവർ വീണ്ടും പ്രവർത്തന രഹിതമാകും. പിന്നീട് മന്ദഗതിയിൽ ഒ.ടി.പി വഴിയാണ് വിതരണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആധാർ സെർവറിന്റെ തകരാർ മുലമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്.

മുമ്പ് ഇതേ അവസ്ഥയിൽ റേഷൻ വിതരണം തടസ്സപ്പെട്ടപ്പോൾ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും അവിടെ ഹെൽപ് ഡെസ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഹെൽപ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിക്കുനില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *