എൻ്റെ ഉള്ളിലും ഇസ്ലാമോഫോബിയ
ഒരു ഹിന്ദുവിന് ഹിന്ദുവായി ജീവിക്കാൻ കഴിയുന്നപോലെ തന്നെ മുസ്ലിമിന് മുസ്ലിമായി ജീവിക്കാൻ കഴിയണം. മതമില്ലാത്തവർക്ക് മതമില്ലാതെയും മതമുള്ളവന് ആ മതവുമായും ജീവിക്കാൻ കഴിയണം. എന്തിനാണ് ഈ വേട്ടയാടൽ?.
ഇന്ന് നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് ഇസ്ലാമോഫോബിയ. ഒരു കാര്യത്തിൽ അമിതമായി ഭയം ഉണ്ടാക്കുന്നതാണ് ‘ഫോബിയ’. ചിലർക്കത് ഇരുട്ടിനെയാകാം ചിലർക്ക് ശബ്ദമാകാം. എന്നാൽ ഇന്ന് പൊതുവായി എല്ലാവരിലും കാണുന്നതാണ് ഇസ്ലാമിനെ അമിതമായി പേടിക്കുന്നത്, അതാണ് ഇസ്ലാമോഫോബിയ. ആ ഭയത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് എതിരെ ആക്ഷേപം ഉണ്ടാക്കുക, അവർക്കെതിരെ അക്രമം അഴിച്ചുവിടുക തുടങ്ങി യുപിയിലടക്കം ഇപ്പോൾ നടക്കുന്നതെല്ലാം ഇതിന്റെ ബാക്കിപത്രങ്ങളാണ്. NRC CAA എല്ലാം ഇസ്‌ലാമോഫോബിയയുടെ ഉൽപന്നങ്ങളാണ്. എന്നാൽ ഒന്ന് ചുറ്റും ഓടിച്ചു നോക്കിയാൽ, എവിടെയാണ് ഇസ്ലാമും മുസ്ലീങ്ങളും ഭീകരത ഉണ്ടാക്കിയിട്ടുള്ളത്? കേരളത്തിൽ എവിടെയെങ്കിലും ഒരാൾ ഇസ്ലാം മതത്തിൽ നിന്ന് പോയതുകൊണ്ട് കൊല്ലപ്പെട്ടിട്ടുണ്ടോ? എന്നാൽ ഒരാൾ മുസ്ലീം ആയതുകൊണ്ട് കൊല്ലപ്പെടുന്നു! അനന്തരഫലമായി ഓരോരുത്തരിലും ഈ ഇസ്ലാമോഫോബിയ പടർന്നു പിടിക്കുന്നു. ഇനി താലിബാനും അൽ-ക്വയ്ദയും ഐ എസ് ഐ എസ്സും ആണോ നിങ്ങൾ മുസ്ലീങ്ങളെ വെറുക്കാൻ കാരണം? എങ്കിൽ നിങ്ങൾ അറിയണം ഉയ്ഗുർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്ന ചൈനയെ അഫ്‌ഘാനിലെ താലിബാൻ തൊട്ടിട്ടില്ല. അവരെ ആക്രമിച്ച അമേരിക്കയേയും സോവിയറ്റിനെയും ആണവർ തിരിച്ചാക്രമിച്ചത്. ഐഎസ് ഐഎസ് തൊട്ടടുത്തുള്ള ഫലസ്തീനെന്ന മുസ്ലീം രാജ്യത്തെ ഇല്ലാതാക്കുന്ന ഇസ്രായേലിനെ തൊട്ടിട്ടില്ല! അതുപോലെതന്നെ അൽക്വയ്ദയും. ഇവരെല്ലാം ചെയ്യുന്നതും ചെയ്തതും ശരി എന്ന് ഇതിന് അർത്ഥമില്ല. പക്ഷേ ഇവർ ഇവരുടെ ശത്രുക്കളെ മാത്രമേ ഇതുവരെ നേരിട്ടിട്ടുള്ളൂ. മാത്രമല്ല ഇതെല്ലാം അമേരിക്കൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ ഉൾപന്നങ്ങളുമാണ്.
ആക്രമി ഒരു മുസ്ലിമാണെങ്കിൽ അതൊരു തീവ്രവാദം ആണെന്ന ഒരു പൊതുബോധം ഇന്ന് നമുക്കു ചുറ്റിമുണ്ട്. അത് ആ മതത്തിന്റെ പ്രോഡക്റ്റ് ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഒരു അക്രമം ഉണ്ടായാൽ അതിന്റെ മാധ്യമ-സാമൂഹിക ശ്രദ്ധ മാറ്റാൻ അതിന് ഒരു മുസ്ലിം പരിവേഷം നൽകിയാൽ മതി. അതാണ് ‘മാഷാ അള്ളാ’ സ്റ്റിക്കറിന്റെ ഉള്ളടക്കം. പറഞ്ഞുവന്നത് ഇസ്ലാമോഫോബിയ പറയാൻ ഇരിക്കുന്നത്, അത് എന്റെ ഉള്ളിൽ എങ്ങനെയെല്ലാം പ്രവേശിക്കുന്നു എന്നുതാണ്. ഇന്ന് അപരിചിതമായ മുസ്ലീങ്ങൾ കുറവുള്ള സ്ഥലത്തേക്ക് ഒരു മുസ്ലിം ചെറുപ്പക്കാരന് യാത്ര ചെയ്യുക എന്നുള്ളത് ഭയപ്പെടുത്തുന്ന കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും അവന്റെ ഭാര്യയെയും കൂട്ടി യാത്ര ചെയ്യുമ്പോൾ. താൻ മുസ്ലിം ആണെന്ന് അറിഞ്ഞാൽ താൻ ആക്രമിക്കപ്പെടും എന്നയാൾ ഭയപ്പെടുന്നു. ആരെങ്കിലും പേര് ചോദിക്കുമോ എന്ന് പേടിക്കുന്നു. പോകുന്ന വഴികളിൽ ഒരു മുസ്ലിം പള്ളി കണ്ടാൽ അവന് ആശ്വാസവും വരുന്നു. പലയിടത്തും തങ്ങളുടെഅഭിമാനം ആകേണ്ട ഐഡന്റിറ്റി അവർ മാറ്റുന്നു. പരസ്യമായി ഉപയോഗിക്കുന്ന മത ചിഹ്നങ്ങൾ ഉപേക്ഷിക്കുന്നു. പരസ്യമായി സലാം പറയുമ്പോൾ ശബ്ദം കുറയുന്നു. ഈ ചിഹ്നങ്ങൾ പറയുമ്പോൾ അല്ലെങ്കിൽ ചെയ്യുമ്പോൾ തന്റെ മതേതര മുഖം നഷ്ടമാകുമോ എന്ന് ഭയപ്പെടുന്നു. മുസ്ലിമായ, പൊതുബോധം ഇല്ലാത്തവർ പോലും തന്റെ മതം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തെറ്റിദ്ധരിക്കുന്നു.
ഇനി പൊതുമണ്ഡലത്തിൽ എന്തെങ്കിലും അഭിപ്രായ പെട്ടാൽ പ്രാകൃതരെന്ന് മുദ്രകുത്തുന്നു. പറയുന്നതിലെ കാര്യം നോക്കാതെ പറയുന്നവരുടെ മതം നോക്കുന്നു. എന്നിട്ട് മറ്റൊരു രീതിയിലൂടെ കാര്യം വായിച്ചെടുക്കുന്നു. എന്നാൽ പലരും ചിന്തിക്കുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല! എന്തുകൊണ്ടാണ് ഇവർ മാത്രം വേട്ടയാടപ്പെടുന്നത്? എന്താണ് അവർ ചെയ്ത തെറ്റ്? ലോകം എന്തുകൊണ്ട് ഇവരെ ഒറ്റപ്പെടുത്തുന്നു?. എന്നിട്ടും ഇവർ പരാജയപ്പെടാത്തെന്തുകൊണ്ട്?. ഒരു മതേതരന് മാത്രമേ ഒരു യഥാർത്ഥ മുസ്ലിം ആവാൻ കഴിയൂ എന്ന് നേരിട്ട് പറയുന്ന മതമാണ് ഇസ്ലാം. തങ്ങളുടെ ഗ്രന്ഥത്തിൽ പറയുന്നുണ്ട് ‘അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം’ മാത്രമല്ല എല്ലാവരെയും ബഹുമാനിക്കണമെന്നും. ഒരു മനുഷ്യന്റെ ശവം കൊണ്ടുപോകുമ്പോൾ മതം നോക്കാതെ ബഹുമാനിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. ഇങ്ങനെയെല്ലാമായിട്ടും അത് ആക്രമിക്കപെടുന്നു. തൽഫലമായി ഇവർ മൂന്നായി മാറുന്നു. ഒരു കൂട്ടം പൊതുബോധത്തിൽ താനൊരു മതേതരനാണെന്നും താൻ അതിന്റെ ഭാഗമല്ലെന്നും ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്നു. മറ്റൊരു വിഭാഗം അഭിമാനയികൊണ്ടും അതിന്റെ ആക്ഷേപങ്ങളേയും അക്രമങ്ങളെയും പ്രതിരോധിച്ച് മുന്നോട്ടുപോകുന്നു. ഒരു വിഭാഗം ഇത് എന്താണെന്ന് പോലും നോക്കാതെ, അറിയാതെ ജീവിക്കുന്നു. മൂന്നാമത്തെ വിഭാഗത്തിന്റെയടക്കം ഭാരം രണ്ടാമത്തെ വിഭാഗം വഹിക്കുന്നു. ഒരു ഹിന്ദുവിന് ഹിന്ദുവായി ജീവിക്കാൻ കഴിയുന്നപോലെ തന്നെ മുസ്ലിമിന് മുസ്ലിമായി ജീവിക്കാൻ കഴിയണം. മതമില്ലാത്തവർക്ക് മതമില്ലാതെയും മതമുള്ളവന് ആ മതവുമായും ജീവിക്കാൻ കഴിയണം. എന്തിനാണ് ഈ വേട്ടയാടൽ? വിമർശിക്കുന്നവർ പോലും വിമർശിക്കാനായിട്ടെങ്കിലും ഈ മതത്തെയും മത നിയമങ്ങളെയും ഒന്ന് വായിച്ചു നോക്കണം. എന്നിട്ട് വിമർശിക്കണം. ഓരോരുത്തരുടെയും വിശ്വാസത്തെ മാനിച്ചുകൊണ്ട് അവഹേളിക്കാതെ ജീവിക്കാൻ കഴിയണം, കഴിയട്ടെ.
ഇങ്ങനെയായിരുന്നോ നമ്മുടെ നാട്!!?