കേരളത്തിൽ 138 ഡെങ്കിപ്പനി ഹോട്‌ സ്പോട്ട്: കോഴിക്കോടും കൊല്ലത്തും 20 വീതം; ആശങ്ക

തിരുവനന്തപുരം ∙ സംസ്ഥാനത്തു പനി ‍മരണങ്ങൾ തുടരവെ, ആശങ്കയുയർത്തി 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണു തരം തിരിച്ചിട്ടുള്ളത്. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്‌സ്പോട്ടുകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദേശം നൽകി.

കൊല്ലത്ത് അഞ്ചൽ, കരവാളൂർ, തെന്മല, പുനലൂർ, കൊട്ടാരക്കര ഉൾപ്പെടെ 20 പനിബാധിത മേഖലകൾ ഉണ്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര തുടങ്ങിയവ കോഴിക്കോടുള്ള ഹോട്‌സ്പോട്ടുകളിൽപ്പെടുന്നു. തിരുവനന്തപുരത്ത് മാണിക്കൽ, പാങ്ങപ്പാറ, കിളിമാനൂർ, മംഗലപുരം ഉൾപ്പെടെ 12 എണ്ണമുണ്ട്. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്പനാടും മല്ലപ്പള്ളിയും ഉൾപ്പടെ 12 ഹോട്‌സ്പോട്ടാണു പത്തനംതിട്ട ജില്ലയിലുള്ളത്. ഇടുക്കിയിൽ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്.

കോട്ടയം മുനിസിപ്പാലിറ്റിയിൽ കേസുകൾ കൂടുന്നുണ്ട്. കൂടാതെ മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്‌സ്പോട്ടുകളുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയും ലിസ്റ്റിലുണ്ട്. ആകെ ഏഴെണ്ണം. ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോർപറേഷൻ പ്രദേശമുൾപ്പെടെ പനി‌ബാധിത മേഖലയാണ്. ജില്ലയിൽ 9 മേഖലകൾ പനി ബാധിതമെന്ന് കണ്ടെത്തി.

തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി കൂടുന്നുണ്ട്. ഒല്ലൂരും കേസുകൾ കൂടുതലാണ്. പാലക്കാട് 4 പനിബാധിത മേഖലകൾ മാത്രമേയുള്ളൂ. കരിമ്പയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയിൽ ഉൾപ്പെടുന്നു. വയനാട് സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഉൾപ്പടെ നാലെണ്ണം മാത്രം. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനിബാധിത മേഖലകളിലുണ്ട്. കാസർകോട് ബദിയടുക്കയിൽ രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുൾപ്പെടെ 5 പനിബാധിത മേഖലകളാണ് ജില്ലയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *