ഗവർണറും സർക്കാറും നേർക്കുനേർ; പ്രതിഷേധച്ചൂടിൽ കെ റെയിൽ
കേരളത്തിന്റെ ഭരണചരിത്രത്തിൽ സമാനതയില്ലാത്ത പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോയ വർഷമായിരുന്നു 2022. ഗവർണർ-സർക്കാർ പോരിൽ ഗവർണർക്കെതിരെ തെരുവിലിറങ്ങേണ്ട സാഹചര്യം പോലും ഭരണകക്ഷിക്കുണ്ടായി. ധനമന്ത്രിയോട് പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച് വലിയ ഭരണഘടനാ പ്രതിസന്ധിയും സൃഷ്ടിച്ചു.
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പലഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാൻ നടത്തിയിട്ടുണ്ട്. എന്നാൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്നതാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. നയപ്രഖ്യാപനത്തിന്റെ തലേന്ന് വൈകുന്നേരം വരെ പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരിന്നു ഈ വർഷത്തെ ഗവർണറുടെ യുദ്ധപ്രഖ്യാപനത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് കേരളം ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഇടപെടലുകളായിരുന്നു ഗവർണർ നടത്തിയത്. സർവകലാശാലകളിൽ സർക്കാർ ഇടപെടുന്നു എന്നാരോപിച്ച് ചാൻസലർ സ്ഥാനത്തുനിന്ന് മാറാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അനുനയിപ്പിച്ച് തീരുമാനം മാറ്റിച്ചു. എന്നാൽ സർവകലാശാലകളിൽ ഗവർണർ ഇടപെടൽ കടുപ്പിച്ചതോടെ സർക്കാരും നേർക്കുനേർ പോരാട്ടത്തിനിറങ്ങി.
പിൻമാറാൻ തയ്യാറാകാതിരുന്ന ഗവർണർ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിച്ചത് കേരളത്തിൽ കേട്ട് കേൾവിയില്ലാത്ത സംഭവമായി മാറി. അതിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച് സർക്കാരിനെ ഞെട്ടിച്ചു. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിയാവശ്യപ്പെട്ടതോടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തീരുമാനിച്ചു.
നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി, സർവകലാശാല ഭേദഗതി, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ഭേദഗതി തുടങ്ങിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ചതോടെ ഗവർണർക്കെതിരെ തെരുവിലറങ്ങാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ്ഭവൻ ഉപരോധം സംഘടിപ്പിച്ച ശേഷം സംസ്ഥാനമുടനീളം ഗവർണർക്കെതിരെ പ്രചാരണം നടത്തി. കടുത്ത പോരിനിടെ മന്ത്രിസഭയെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് അനുനയത്തിന് തയ്യാറാണെന്ന സൂചന ഗവർണർ നൽകിയെങ്കിലും സർക്കാർ വഴങ്ങില്ല. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭാ സമ്മേളനത്തിലേക്ക് കടക്കുകയാണ് സർക്കാർ. സർക്കാർ-ഗവർണർ പോര് എന്നവസാനിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് ഈ വർഷം അവസാനിക്കുന്നത്.