പ്രിയ വര്‍ഗീസിന് അധ്യാപന പരിചയം ഉണ്ടോ?; ഹൈകോടതി

പ്രിയ വർഗീസിന് തിരിച്ചടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.

അസോസിയേറ്റ് പ്രൊഫസറാകാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രിയ വര്‍ഗീസിന് അധ്യാപന പരിചയം ഉണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. ഈ അഭിമുഖത്തില്‍ ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാന്‍ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാന്‍ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍.

അധ്യാപകര്‍ രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണമെന്നും ഹൈക്കോടതി നിരീക്ഷണമുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പില്‍ കോടതിക്ക് ഇടപെടാന്‍ ആകില്ലെന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി പറഞ്ഞതായി കോടതി വിധിയില്‍ പറയുന്നുണ്ട്. പ്രിയ വര്‍ഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഇല്ല, സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അധ്യാപന പരിചയം അല്ല ,NSS കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നപ്പോള്‍ പ്രിയ വര്‍ഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സര്‍വ്വകലാശാല റാങ്ക് പട്ടിക പുറത്ത് വിട്ടിരുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *