വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

വേങ്ങര (മലപ്പുറം): സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്‌റഫിന്റെ മകനാണ്.
സ്കൂളിൽ പോവാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നുവത്രെ. ഇതിനിടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.
ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
