12 മണിക്കൂർ, ഫറാ ക്യാമ്പിൽ റെയ്‌ഡ് തുടർന്ന് ഇസ്രായേൽ സേന

raid

വെസ്റ്റ്ബാങ്കിലെ ഫറാ ക്യാമ്പിൽ ഇസ്രായേൽ സേനയുടെ റെയ്ഡ് തുടരുന്നു. 12 മണിക്കൂറിലേറെയായി റെയ്‌ഡ് തുടരുകയാണെന്ന് ഫലസ്തീൻ പത്രപ്രവർത്തകനും അനലിസ്റ്റുമായ നൂർ ഒഡെ പറഞ്ഞു. ഇസ്രായേൽ ഗവണ്മെന്റിന്റെ അജണ്ട വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചാണ്. കഴിയുന്നത്ര ഭൂമിയിൽ അധിനിവേശം നടത്തി പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും നൂർ ഒഡെ പറഞ്ഞു. യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാൻ്റ്‌സിൻ്റെ രാജിക്ക് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.raid

കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമാണിത്. വെസ്റ്റ് ബാങ്കിൽ ഒക്‌ടോബർ മുതൽ 530ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 9,000-ത്തിലധികം ആളുകളെ തടവിലാക്കുകയും ചെയ്തു.

അതേസമയം, ഖാൻ യൂനിസ് നഗരത്തിന് തെക്കുഭാഗത്തുള്ള അൽ-ഫുഖാരി പട്ടണത്തിലെ യൂറോപ്യൻ ആശുപത്രിക്ക് സമീപമുള്ള വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. നവജാത ശിശുക്കളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ കെയ്‌റോയിൽ എത്തിക്കഴിഞ്ഞു. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം. അവിടെ നിന്ന് അദ്ദേഹം ഇസ്രായേലിലേക്ക് പോകും, ​​അവിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെയും കാണും. ബെന്നി ഗാൻ്റ്സുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗുമായും ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് നാളെ മാനുഷിക സഹായ സമ്മേളനങ്ങൾ നടക്കുന്ന അമ്മാനിലേക്ക് ബ്ലിങ്കൻ പോകുമെന്നാണ് വിവരം. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനെയും അവിടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും അദ്ദേഹം കാണും. തുടർന്ന് ദോഹയിലേക്ക് പോകുന്ന ബ്ലിങ്കൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെയും മറ്റ് വിവിധ നേതാക്കളെയും കാണും. വെടിനിർത്തലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഴിത്തിരിവുണ്ടായാൽ അത് ഖത്തറിൽ നിന്നാകും പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *