ഒറ്റ രാത്രിയിൽ വെടിവെച്ചുകൊന്നത് 13 കാട്ടുപന്നികളെ

തിരുവാലി: പഞ്ചായത്തിൽ കാട്ടുപന്നിവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം 13 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. കൃഷിനാശം വ്യാപകമായതിനെ തുടർന്നാണ് നടപടി. തിരുവാലി പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായാണ് കൃഷികൾ നശിപ്പിക്കുന്നത്.
ഇത് കർഷകരെ സംബന്ധിച്ചിടത്തോളം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നത്. കൃഷിയിടത്തിനു പുറമേ ജനവാസ മേഖലകളിലെക്കും പന്നികൾ കൂട്ടമായി എത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്റെ നിർദേശപ്രകാരമാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പന്നിവേട്ട നടത്തിയത്.
വനംവകുപ്പിന്റെ എംപാനൽ പട്ടികയിൽ ഉൾപ്പെട്ട ഷാർപ്പ് ഷൂട്ടറും എറിയാട് സ്വദേശിയുമായ കെ.പി. ഷാനാണ് പന്നികളെ വെടിവെച്ച് വീഴ്ത്തിയത്. കണക്കെടുപ്പിനും പരിശോധനക്കും ശേഷം ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.
