കുറ്റിക്കാട്ടൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18-കാരൻ മരിച്ചതിൽ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

 

KSEBകോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചതിൽ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മെയ് 20ന് മരിച്ചത്. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനം.KSEB

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എ.ഡബ്ല്യു.എച്ച് റോഡ് ജങ്‌ഷനു സമീപമാണ് അപകടം. കിണാശ്ശേരിയിൽനിന്ന് ഹോട്ടലിൽ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. തുടർന്ന്, വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് അപകടം. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.

കഴിഞ്ഞ മെയ് 17നു തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെ.എസ്.ഇ.ബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നൽകിയിരുന്നു. എന്നിട്ടും ഉദ്യേഗസ്ഥൻ വന്ന് നോക്കിപ്പോയി എന്നതല്ലാതെ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനാണ് റിജാസ്.

Leave a Reply

Your email address will not be published. Required fields are marked *